Kottayam Local

റബറിന്റെ തട്ടകമായ കാഞ്ഞിരപ്പള്ളിയില്‍ പോരാട്ടം കനക്കും

കാഞ്ഞിരപ്പള്ളി: കര്‍ഷക ജനത വിധി നിര്‍ണിയിക്കുന്ന റബറിന്റെ തട്ടകമായ കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ കടുത്ത പോരാട്ടം. 2011ലെ തിരഞ്ഞെടുപ്പോടെ ഇല്ലാതായ വാഴൂര്‍ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപീകരിച്ചത്.
പഴയ വാഴൂരിന്റെയും ചരിത്രം പരിശോധിച്ചാല്‍ മൂന്ന് തവണ മാത്രമാണ് എല്‍ഡിഎഫിനു വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞത്. യുഡിഎഫില്‍ കൂടുതല്‍ തവണയും ജയിച്ചത് കേരളാ കോണ്‍ഗ്രസ്സായിരുന്നു. സിറ്റിങ് എംഎല്‍എയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ ഡോ. എന്‍ ജയരാജ് ഹാട്രിക്ക് ലക്ഷ്യത്തോടെയാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും അഭിഭാഷകനുമായ അഡ്വ. വി ബി ബിനുവിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ കളത്തിലിറക്കിയിരിക്കുന്നത്.
ജില്ലയില്‍ ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്ന കാഞ്ഞിരപ്പള്ളിയില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി എന്‍ മനോജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിയാദും ശക്തമായ പ്രചാരണവുമായി മല്‍സരരംഗത്ത് സജീവമായി.
കറുകച്ചാല്‍, കങ്ങഴ, ചിറക്കടവ്, വാഴൂര്‍, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍, നെടുംകുന്നം, മണിമല, പള്ളിക്കത്തോട് എന്നീ ഒമ്പതു പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. നെടുംകുന്നം, മണിമല, പള്ളിക്കത്തോട് എന്നീ മുന്നു പഞ്ചായത്തുകള്‍ യുഡിഎഫും ബാക്കി ആറ് പഞ്ചായത്തുകള്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. ഇത് എല്‍ഡിഎഫിനു പ്രതീക്ഷയും യുഡിഎഫിന് ആശങ്കയും നല്‍കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,206 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫ് നേടിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 9726 ആയി യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. 85871 പുരുഷ വോട്ടര്‍മാരും 90128 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 17,59,999 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
മണ്ഡലത്തില്‍ നിര്‍ണായകമായി 6721 പുതിയ വോട്ടര്‍മാരുമുണ്ട്. പതിവായി കൈവെള്ളയില്‍ പരിപാലിച്ചിരുന്ന മണ്ഡലം വാഴൂരായിരുന്നപ്പോഴും കാഞ്ഞിരപ്പള്ളിയായി മാറിയപ്പോഴും നിലനിര്‍ത്തിയ ജയരാജിന് ഇത്തവണയും വിജയം നേടാന്‍ കഴിയുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും അഴിമതിയും പ്രചാരണ വിഷയമാക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്.
Next Story

RELATED STORIES

Share it