റബര്‍ വിലയിടിവ്: കേന്ദ്രം 500 കോടി അനുവദിക്കും

ന്യൂഡല്‍ഹി: റബര്‍ വിലയിടിവ് പരിഹരിക്കാന്‍ 500 കോടി രൂപ അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. വാണിജ്യമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ജോസ് കെ മാണി എംപി അറിയിച്ചതാണ് ഇക്കാര്യം. ശുപാര്‍ശ ധനമന്ത്രാലയത്തിന് ഉടന്‍ കൈമാറും. മാര്‍ച്ച് 31 വരെയുള്ള ഇറക്കുമതി നിരോധനം ഒരുവര്‍ഷത്തേക്ക് നീട്ടുന്നതു സംബന്ധിച്ചും ചര്‍ച്ചയില്‍ ധാരണയായി.
റബറിന് കിലോയ്ക്ക് 200 രൂപ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍സെന്റീവ് പദ്ധതിയിലേക്ക് 500 കോടി അനുവദിക്കുന്നത്. റബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മൊത്തം ഇറക്കുമതിയുടെ 90 ശതമാനവും ഈ തുറമുഖങ്ങളിലൂടെയാണു നടക്കുന്നത്. അതിനാല്‍ നിയന്ത്രണം ഫലപ്രദമല്ല. നടപടി ഒരു തുറമുഖമാക്കി ചുരുക്കുകയോ അപ്രധാന തുറമുഖങ്ങളാക്കി മാറ്റുകയോ ചെയ്യണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും അനുകൂല തീരുമാനമുണ്ടാവും. റബര്‍ ബോര്‍ഡ് ഉടന്‍ പുനസ്സംഘടിപ്പിക്കണം.
കേരളത്തിലെ 60 ശതമാനം റബര്‍ തോട്ടങ്ങളും റീപ്ലാന്റ് ചെയ്യാനുള്ള കാലാവധി കഴിഞ്ഞതിനാല്‍ ഇതിനുള്ള സബ്‌സിഡി തുക 25,000 രൂപയില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തണം. സിന്തറ്റിക് റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് സെസ്സ് ഏര്‍പ്പെടുത്തണം. ഏലം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടതായി ജോസ് കെ മാണി പറഞ്ഞു.
Next Story

RELATED STORIES

Share it