kannur local

റബര്‍ വിലത്തകര്‍ച്ച; ആശങ്കയോടെ മലയോരകര്‍ഷകര്‍

കണ്ണൂര്‍: റബര്‍ വില തകര്‍ന്നതോടെ മലയോരജനത കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയോരത്തെ ആയിരക്കണക്കിന് കര്‍ഷകരാണ് ദുരിതത്തിലായത്. വായ്പയെടുത്തു വീട് നിര്‍മിച്ചവരും വാഹനങ്ങള്‍ വാങ്ങിയവരും വായ്പ തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ ആശങ്കയിലാണ്. റബറില്‍ നിന്നു ഉല്‍പാദന ചെലവ് പോലും ലഭിക്കാതായതോടെ മിക്ക കര്‍ഷകരും ടാപ്പിങ് പോലും നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതോടെ ടാപ്പിങ് നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികളും ദുരിതത്തിലായി.
മൂന്നുമാസം മുമ്പ് 240 രൂപ വരെ ലഭിച്ചിരുന്ന റബറിന് ഇപ്പോള്‍ പകുതിയിലും താഴെയാണ് വില ലഭിക്കുന്നത്. ടാപ്പിങ് കൂലിയും മറ്റു ചെലവുകളും കഴിഞ്ഞ് ബാക്കിയൊന്നും ലഭിക്കാത്തതിനാല്‍ തോട്ടത്തില്‍ പണിയെടുക്കുന്നത് ഭീമമായ നഷ്ടം വരുത്തുമെന്നാണു കര്‍ഷകരുടെ അഭിപ്രായം. ചില തോട്ടങ്ങളാവട്ടെ കോഴി ഫാമുകളായും ചെങ്കല്‍ ക്വാറികളായും മാറികയും ചെയ്തിട്ടുണ്ട്. കാര്‍ഷിക പ്രതിസന്ധിയില്‍ മറ്റു തൊഴിലാളികള്‍ക്ക് പലവിധ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ടാപ്പിങ് തൊഴിലാളികളെ സഹായിക്കാന്‍ ആരുമില്ലെന്ന് കര്‍ഷകരുടെ ആക്ഷേപം. കര്‍ഷകരില്‍ നിന്ന് റബര്‍ എടുക്കാന്‍ വ്യാപാരികളും തയ്യാറാകുന്നില്ല. വില താഴ്ന്നതിനെ തുടര്‍ന്ന് പല കടകളും പൂട്ടി.
പാകമായ റബര്‍ മരങ്ങള്‍ പോലും വെട്ടാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. കുരുമുളകിനു തേങ്ങയ്ക്കും പിന്നാലെ റബര്‍ വില കൂടി ഇടിഞ്ഞതോടെ കര്‍ഷകര്‍ കടക്കെണിയിലാവുകയായിരുന്നു. കൃഷിക്കും വീട് നിര്‍മാണത്തിനും മക്കളുടെ കല്ല്യാണത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്.
പ്രതിസന്ധി കനത്തതോടെ തെങ്ങിനും റബറിനും വളമിടാന്‍ പോലും ആരും തയ്യാറാവുന്നില്ല. ഇതോടെ ഇപ്പോഴത്തെ വിളവും വരും കാലങ്ങളില്‍ ലഭിക്കാത്തതും വന്‍ തിരിച്ചടിയാവും. ഒരുകാലത്ത് വെളുത്ത സ്വര്‍ണം എന്നറിയപ്പെട്ടിരുന്ന റബറിനുണ്ടായ തകര്‍ച്ച കൃഷിയില്‍ പിടിച്ചു നില്‍ക്കുന്ന കര്‍ഷകരെ പോലും മാറ്റിച്ചിന്തിപ്പിക്കുകയാണ്. റബര്‍ മരങ്ങള്‍ വെട്ടിമാറ്റി വാഴയും കപ്പയും നടുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്.
വന്‍കിട തോട്ടമുടമകളെപ്പോലെ ചെറുകിട കര്‍ഷകരും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ദൈനംദിന ചെലവുകള്‍ക്കുപോലും പലരും ബുദ്ധിമുട്ടുകയാണ്. സര്‍ക്കാരിന്റെ റബര്‍ സംവരണ നീക്കവും പാളിയതാണ് കടുത്ത പ്രതിസന്ധിക്കു കാരണമായത്. കമ്പോള വിലയേക്കാള്‍ അഞ്ചുരൂപ അധികം വാഗ്ദാനം ചെയ്തിട്ടും റബര്‍ സംഭരിക്കാന്‍ ഏജന്‍സികള്‍ തയ്യാറാവുന്നില്ല. കൊക്കോ, വാനില തുടങ്ങിയ വിളകള്‍ക്ക് ഒരുകാലത്ത് മികച്ച വില ലഭിച്ചപ്പോള്‍ അതിലേക്കു തിരിഞ്ഞവര്‍ പിന്നീട് ദുരിതത്തിലായതോടെ, നൂതന വിളകളിലേക്കു തിരിയാനും മലയോര കര്‍ഷകരള്‍ കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ പിന്‍വലിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it