റബര്‍ മാര്‍ച്ചില്‍ പ്രതിഷേധം കനത്തു; ഇന്ത്യ ആസിയാന്‍ കരാറില്‍നിന്നു പിന്‍മാറണം: എസ്ഡിപിഐ

കോട്ടയം: രാജ്യത്തെ റബര്‍ കര്‍ഷകരെ കടക്കെണിയിലാക്കിയ ആസിയാന്‍ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫ്. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസിയാന്‍ കരാര്‍ വ്യവസ്ഥയിലെ ആര്‍ട്ടിക്കിള്‍ 9 പ്രകാരം ഒരു വര്‍ഷം മുമ്പ് നോട്ടീസ് നല്‍കി കരാറില്‍നിന്ന് പിന്‍മാറാവുന്നതാണ്. അതേപോലെ തന്നെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഏതു രാജ്യത്തിനും കരാര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ കുത്തകളെ സഹായിക്കാന്‍ കോടികള്‍ എഴുതിത്തള്ളുമ്പോള്‍ നിത്യവൃത്തിക്കു വകയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. രാജ്യത്ത് പ്രതിദിനം ശരാശരി 47 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. മൂലധന കുത്തകകളെ സഹായിക്കുന്നതിന് 1,370 കോടി രൂപയോളമാണ് പ്രതിദിനം കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്.
എന്നാല്‍, കേവലം ഒരുകോടി രൂപയെങ്കിലും നല്‍കി കര്‍ഷകരെ സഹായിക്കാന്‍ ഭരണകൂടം തയ്യാറായാല്‍ ഓരോ ദിവസവും 47 കര്‍ഷക ജീവനുകള്‍ രക്ഷിക്കാനാവും. കുത്തകകളുടെ ആനുകുല്യം പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയില്ല. ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമെന്നവകാശപ്പെടുന്ന സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കണക്കനുസരിച്ച് 80 ശതമാനവും കുത്തകകളുടെ സംഭാവനയാണ്. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 300 കോടിയില്‍ 90 കോടി രൂപയാണ് നാളിതുവരെ റബര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത് എന്നിരിക്കേ 500 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് പൊതുസമൂഹത്തെയും കര്‍ഷകരെയും വിഡ്ഢികളാക്കാനാണ്.
ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എസ്ഡിപിഐയ്ക്കു മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയൂ എന്നും കെ എം അശ്‌റഫ് വ്യക്തമാക്കി. റബര്‍ വിലത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക, റബര്‍ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, റബര്‍ കര്‍ഷക രക്ഷാ പാക്കേജ് പ്രഖ്യാപിക്കുക, റബര്‍ ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ടയര്‍ നിര്‍മാതാക്കളുമായുള്ള സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മായില്‍, കേരള പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍, ജനറല്‍ സെക്രട്ടറി ഷെമീര്‍ അലിയാര്‍, മുഹമ്മദ് ബഷീര്‍ ഇല്ലി—ക്കല്‍ സംസാരിച്ചു.
വൈകീട്ട് നാലിന് നടന്ന സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണയ്ക്കു മുന്നോടിയായി കോട്ടയം ബേക്കര്‍ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ സമാപിച്ചു.
Next Story

RELATED STORIES

Share it