റബര്‍ കര്‍ഷകരോട് സത്യം പറയൂ...

അജയമോഹന്‍ ജി എ ജി

സാറേ, നില്‍ക്കണോ പോണോ? പ്രശസ്തമായ ഈ സിനിമാ ഡയലോഗ് പോലെയാണ് കേരളത്തിലെ റബര്‍ കര്‍ഷകരുടെ കാര്യം. ടാപ്പിങ് തൊഴിലാളിക്ക് കൂലി കൊടുക്കാന്‍പോലും ആവാത്ത തരത്തില്‍ താഴ്ന്ന വിലയിടിവ്. വില ഇടിഞ്ഞിടിഞ്ഞ് ആറു വര്‍ഷത്തെ താഴ്ന്ന വിലയായ കിലോഗ്രാമിന് നൂറുരൂപ നിരക്കില്‍ വരെ എത്തി. 2011ല്‍ 248 രൂപ വിലയുണ്ടായിരുന്ന ഉല്‍പന്നത്തിനാണ് ഇപ്പോള്‍ ഈ ഗതിയെന്നോര്‍ക്കണം.
കാലാവസ്ഥാ വ്യതിയാനം മുതല്‍ എണ്ണ വിലയിടിവു വരെ നീളുന്ന നിരവധി കാരണങ്ങള്‍ റബറിന്റെ ഈ ദുര്‍ഗതിക്കു പിന്നിലുണ്ട്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് അടുത്ത കാലത്തൊന്നും ഈ ഗതിയില്‍ മാറ്റമുണ്ടാവില്ലെങ്കിലും ആ കറുത്ത യാഥാര്‍ഥ്യം കര്‍ഷകരോടു പറയാന്‍ മടിക്കുകയാണ് സര്‍ക്കാര്‍.
പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും പതിവുപോലെ നടക്കുന്നു. അതോടൊപ്പം റബര്‍ കൃഷിയുടെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ഗീര്‍വാണങ്ങളും പരിശീലനപദ്ധതികളും പുതിയ ഇനങ്ങള്‍ക്കായുള്ള ഗവേഷണങ്ങളും അന്താരാഷ്ട്ര പ്രദര്‍ശനങ്ങളുമൊക്കെ മുറപോലെ നടക്കുകയും ചെയ്യുന്നു. ഇത്തരമൊരു വലിയ മാമാങ്കം മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യാ റബര്‍ മീറ്റ്. 10,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫെബ്രുവരി ഒന്നു വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 7500 രൂപ അടച്ചാല്‍ മതിയാവും. കുത്തുപാളയെടുത്ത ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് 3500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന ഓഫറുമുണ്ട്. 'റബര്‍ മേഖല: ഇനിയെന്ത്?' എന്നതാണ് മീറ്റ് ചര്‍ച്ച ചെയ്യുന്ന വിഷയമത്രേ. ഇതൊന്നുമല്ല ഇതിന്റെ പ്രധാന ആകര്‍ഷണം. സംഗതി നടക്കുക ഗോവയിലാണ്, പ്രശസ്തമായ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍. ഗോവയും റബറും തമ്മിലുള്ള ബന്ധമാവട്ടെ പുറമെ പറയാന്‍ കൊള്ളാവുന്നതുമല്ല. സംശയമുണ്ടെങ്കില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ ഏതെങ്കിലും ജീവനക്കാരോടു ചോദിച്ചുനോക്കൂ.
റബര്‍ മേഖലയില്‍ ഇനിയെന്ത് എന്ന് ചര്‍ച്ച ചെയ്യുന്ന ഈ മീറ്റിനെക്കുറിച്ച് കുറച്ചുകൂടി അറിയേണ്ടതുണ്ട്. റബര്‍ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വര്‍ഷംതോറും നടത്തുന്ന സമ്മേളനങ്ങളില്‍ മൂന്നാമത്തേതാണ് ഇത്. റബര്‍ രംഗത്തെ എല്ലാ വിഭാഗങ്ങളും മാധ്യമങ്ങളും റബര്‍ ബോര്‍ഡും പങ്കെടുക്കുന്ന വാര്‍ഷികസമ്മേളനമാണിത്. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക, അതുവഴി കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയൊക്കെയാണ് പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇതോടൊപ്പം ഈ രംഗത്തെ ആധുനിക പ്രവണതകള്‍, പുതിയ മാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാവും.
സംഗതിയൊക്കെ കൊള്ളാം. ഇനി കഴിഞ്ഞ വര്‍ഷത്തെ മീറ്റില്‍ എന്തു സംഭവിച്ചുവെന്നു നോക്കാം. പരിമിതമായ വിഭവങ്ങള്‍ അനന്തമായ സാധ്യതകള്‍ എന്നായിരുന്നു ചര്‍ച്ചാവിഷയം. നടന്നത് കൊച്ചിയിലെ ലേ മെറീഡിയനില്‍. ഉദ്ഘാടനം നിര്‍വഹിച്ചത് ഐഎസ്ആര്‍ഒ മുന്‍ തലവന്‍ ജി മാധവന്‍നായര്‍. സ്വാഭാവിക റബറിന്റെ പ്രാധാന്യം ഇനിയും വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. മൂല്യവര്‍ധന, ഉല്‍പാദനശേഷി മെച്ചപ്പെടുത്തല്‍, യന്ത്രവല്‍ക്കരണം തുടങ്ങിയവയാണ് ഈ രംഗത്ത് മുന്നേറ്റത്തിനുള്ള മാര്‍ഗങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാറ്റലൈറ്റ് ഇമേജിങ് വഴി റബര്‍ കൃഷിക്ക് അനുയോജ്യമായ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ കര്‍ഷകരില്‍ പലര്‍ക്കും രോമാഞ്ചമുണ്ടായിക്കാണും. അമ്പും വില്ലും മലപ്പുറം കത്തിയും മാത്രമല്ല, വേണ്ടിവന്നാല്‍ എകെ 47 വരെ ഉപയോഗിക്കാമെന്നു പറയുന്നത് ചില്ലറക്കാരനല്ലല്ലോ. പിന്നീട് എന്തു സംഭവിച്ചുവെന്നതു ചരിത്രമാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്നു പറയുന്നതാവും ശരി.
റബര്‍ മീറ്റ് നടത്തുന്നതിലെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. കര്‍ഷകരുടെ മാത്രമല്ല, റബര്‍ മേഖലയിലെ പലവിധ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരുടെയെല്ലാം കൂട്ടായ്മയാണിത്. നടക്കട്ടെ. പറഞ്ഞുവരുന്നത് കര്‍ഷകരില്‍ അമിതപ്രതീക്ഷ കൊടുക്കുന്നതിലെയും അപ്രിയസത്യം തുറന്നുപറയാന്‍ മടിക്കുന്നതിലെയും അപകടങ്ങളെക്കുറിച്ചാണ്. റബര്‍ മരങ്ങള്‍ ഇനിയും നിറുത്തുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോയെന്നും ഇല്ലെങ്കില്‍ ഇല്ലെന്നും പറയാനുള്ള ചങ്കൂറ്റം സര്‍ക്കാര്‍ കാണിക്കണം. കര്‍ഷകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് വളരെ ലളിതമായ ഉത്തരം നല്‍കിയാല്‍ മാത്രം മതി.
ഇന്ധനവില ചരിത്രപരമായ പുതിയ ആഴങ്ങളിലേക്ക് കൂപ്പുകുത്തുമ്പോള്‍ കുറഞ്ഞവിലയുള്ള കൃത്രിമറബര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഒരു യാഥാര്‍ഥ്യമല്ലേ? നിയന്ത്രണങ്ങളും നികുതികളും ഉപദേശങ്ങളും കൊണ്ട് എത്രനാള്‍ ഈ പ്രതിസന്ധിയെ തടുത്തുനിര്‍ത്താനാവും? കുപ്പിവെള്ളത്തേക്കാള്‍ കുറഞ്ഞവിലയ്ക്ക് ക്രൂഡോയില്‍ കിട്ടുമ്പോള്‍ പെട്രോളിയം ഉല്‍പന്നമായ സിന്തറ്റിക് റബറെന്താ പുളിക്കുമോ എന്നാണ് വ്യവസായമേഖലയില്‍ നിന്നുള്ള ചോദ്യം. റബറിനെ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞതിലെ ഫലിതവും ഇതുതന്നെ. ഏറ്റവും കുറഞ്ഞ ചെലവില്‍ ഇവിടെവന്ന് ഉല്‍പാദിപ്പിക്കാമെന്ന ക്ഷണം സ്വീകരിച്ച് വരുന്നവരോടാണ് പ്രധാനമന്ത്രിയുടെ ഈ തമാശ.
ആഗോളവ്യാപനമാണ് മറ്റൊരു വെല്ലുവിളി. കാലാവസ്ഥാമാറ്റം ഒരു പൊള്ളുന്ന യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞു. ഉല്‍പാദനക്ഷമത നേര്‍പകുതിയായി കുറയുന്നത് കര്‍ഷകര്‍ നേരിട്ടു കണ്ടുകൊണ്ടിരിക്കുകയാണ്. ആഗോളതാപനത്തിനസുസരിച്ച് കാര്‍ഷികവിളകളുടെയെല്ലാം ഉല്‍പാദനക്ഷമത കുറയുമെന്നത് ഗവേഷകര്‍ പറഞ്ഞുതുടങ്ങിയിട്ടു നാളേറെയായി. അറബിക്കടലില്‍ മഴപെയ്യുന്നതു മരമുണ്ടായിട്ടാണോ എന്നു ചോദിച്ച കാലം കഴിഞ്ഞു. ഇന്ന് കര്‍ഷകര്‍ അതിന്റെയൊക്കെ അര്‍ഥം മനസിലാക്കിത്തുടങ്ങി. ചൂട് ഒരു ഡിഗ്രി കൂടിയാല്‍ പോലും വലിയ അളവില്‍ റബര്‍ ഉല്‍പാദനത്തെ ബാധിക്കുമെന്നതാണു വസ്തുത. ഓരോ ദിവസവും ഭൂമിയിലെ ഏറ്റവും ചൂടുള്ള ദിനമായി മാറുന്ന ഇക്കാലത്ത് റബറിന്റെ ഭാവി എന്താവുമെന്നു മനസിലാക്കാന്‍ വലിയ വിവരമൊന്നും വേണ്ടാ.
കാലാവസ്ഥാ മാറ്റം അതിജീവിക്കാന്‍ പല കൃഷികളും പോളിഹൗസിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യ അത്രയ്ക്കങ്ങു വളരാത്തതിനാലാവണം, റബര്‍ പോളിഹൗസില്‍ കൃഷിചെയ്യാന്‍ ആരും മുതിര്‍ന്നുകണ്ടിട്ടില്ല. ബജറ്റുകളിലൊക്കെയും പോളിഹൗസിനെ കാര്യമായി പരിഗണിച്ച മാണിസാര്‍ സമീപഭാവിയില്‍ത്തന്നെ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. റബര്‍കൃഷിക്ക് പോളിഹൗസ്! തെങ്ങോളം ഉയരത്തില്‍, നമ്മുടെ ഏക്കര്‍കണക്കിന് പ്രദേശം പോളിക്കുപ്പായമണിഞ്ഞു നില്‍ക്കുന്നത് സങ്കല്‍പിച്ചു നോക്കൂ.. അങ്ങനെ എന്തെല്ലാം കാണാനിരിക്കുന്നു. പോളിഹൗസിന് 50 ശതമാനം സബ്‌സിഡി, വായ്പ, കടം തിരഞ്ഞെടുപ്പുകാലത്ത് എഴുതിത്തള്ളല്‍, മൊറട്ടോറിയം. ഇതൊക്കെയാണല്ലോ നാട്ടുനടപ്പ്.
റബര്‍വില മാത്രമേ കുറഞ്ഞിട്ടുള്ളൂ. ഉല്‍പാദനച്ചെലവിന്റെ ഗ്രാഫ് ഉയരങ്ങളിലേക്കു തന്നെയാണ്. പറമ്പു കിളയ്ക്കാനോ വാര്‍ക്കപ്പണിക്കോ പോയാല്‍ എണ്ണൂറും തൊള്ളായിരവുമൊക്കെ കിട്ടുന്നതിനാല്‍ ടാപ്പിങ് തൊഴിലാളികളെ കിട്ടണമെങ്കില്‍ അതിനൊത്ത കൂലി കൊടുത്തേ മതിയാവൂ. മരം പാലുചുരത്തണമെങ്കില്‍ വളമിടുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സമയത്തു ചെയ്‌തേ പറ്റൂ.
പഴയമരം വെട്ടി പുതിയവ വച്ചുപിടിപ്പിക്കണമെങ്കില്‍ ചെലവു ലക്ഷങ്ങളാണ്. വളമിട്ടിട്ടും തടമിളക്കിയിട്ടും പുതിയ തൈ വച്ചുപിടിപ്പിച്ചിട്ടുമൊന്നും വലിയ കാര്യവുമില്ല എന്നതാണ് മറ്റൊരു കാര്യം. കൂലിയും കാലാവസ്ഥയും വിലയിടിവും ഒത്തുപിടിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ റബര്‍ ഉല്‍പാദനത്തോത് ഗണ്യമായിത്തന്നെ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധിയിലേക്ക് കൃത്രിമ റബറിന്റെ കടന്നുകയറ്റം കൂടി കണക്കിലെടുത്താലേ ചിത്രത്തിന്റെ ഭീകരത വ്യക്തമാവുകയുള്ളൂ. ഉല്‍പാദനച്ചെലവു കുറയ്ക്കാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഉയരുന്ന ഒരു നിര്‍ദേശം യന്ത്രവല്‍ക്കരണമാണ്.
കാര്‍ഷികയന്ത്രങ്ങളുടെ ഉല്‍പാദകര്‍ക്ക് മനസില്‍ ലഡു പൊട്ടുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പണമിറക്കി നിലനിറുത്തേണ്ട കൃഷിയാണോ റബര്‍ എന്ന് സര്‍ക്കാരും കര്‍ഷകരും ചിന്തിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ പഴയവ വെട്ടിക്കളഞ്ഞ് പുതിയ റബര്‍തൈകള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടേക്കാം. സബ്‌സിഡികളുടെയും വായ്പകളുടെയും കെണികളില്‍ പെടുന്നതിനു മുമ്പ് കര്‍ഷകര്‍ ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. റബര്‍ കര്‍ഷകര്‍ റബര്‍കര്‍ഷകരായിത്തന്നെ നിലനില്‍ക്കേണ്ടത് കേരളത്തിലെ രാഷ്ട്രീയക്കാരുടെ ആവശ്യമാണ്.

ഒടുവില്‍ കിട്ടിയത്: റബര്‍ വിലയിടിവു നേരിടാന്‍ പഌന്റേഷന്‍ കോര്‍പറേഷന്‍ പച്ചക്കറിയിലേക്കു മാറുന്നത്രേ. ചാലക്കുടിപ്പുഴയോരത്ത് റബര്‍തൈകള്‍ വളര്‍ത്തിയിരുന്ന ആറ് ഏക്കര്‍ സ്ഥലത്താണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്. തിരിച്ചറിവിന്റെ ആദ്യ തൈകള്‍ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം.
Next Story

RELATED STORIES

Share it