Kottayam Local

റബര്‍ കര്‍ഷകരുടെ ആനുകൂല്യം; ബോര്‍ഡ് ഉദാസീനത കൈവെടിയണം: ന്യൂനപക്ഷ കമ്മീഷന്‍

കോട്ടയം: റബര്‍ വിലതകര്‍ച്ചയില്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോഴും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ റബര്‍ ബോര്‍ഡ് കാണിക്കുന്ന ഉദാസീനത കൈവെടിയണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. വി വി ജോഷി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങിലാണ് പരാമര്‍ശം. റബര്‍ ഉല്‍പാദക സൊസൈറ്റികള്‍ നല്‍കുന്ന ബില്ലുകള്‍ പരിശോധിച്ച് തിരിച്ച് നല്‍കുന്ന കാര്യത്തില്‍ റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ കാലതാമസം വരുത്തുന്നതായും കമ്മീഷന്‍ കണ്ടെത്തി. സബ്‌സിഡി നല്‍കുന്നതിനും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സെയില്‍ ബില്ലുകള്‍ പരിശോധിക്കുന്നതിന് എത്ര ഉദ്യോഗസ്ഥരെ നിയോഗിച്ചു, സബ്‌സിഡി തുക എത്ര വേണ്ടി വരും എന്ന കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡ് മറുപടി നല്‍കാത്തതിനാല്‍ അടുത്ത കമ്മീഷന്‍ സിറ്റിങ്ങില്‍ ബോര്‍ഡ് സെക്രട്ടറി നേരിട്ട് ഹാജരാവണമെന്ന് നിര്‍ദേശം നല്‍കി.
ദലിത് ക്രൈസ്തവരെപ്പറ്റി ഗവേഷണം നടത്തുന്ന പ്രൊഫസര്‍ക്ക് എം ജി യൂനിവേഴ്‌സിറ്റിയില്‍ നിന്നും നല്‍കാനുള്ള ഫെലോഷിപ്പ് തുക എത്രയും വേഗം നല്‍കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല രജിസ്ട്രാറോട് കമ്മീഷന്‍ നിര്‍ദേശിച്ചു. പതിനഞ്ചു പരാതികളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.വി വി ജോഷി, രജിസ്ട്രാര്‍ കെ ബി പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
Next Story

RELATED STORIES

Share it