thrissur local

റഗുലേറ്ററി കമ്മീഷന്റെ കാരുണ്യം; തൃശൂര്‍ കോര്‍പറേഷന്  25 കോടിയുടെ ആശ്വാസം

തൃശൂര്‍: കോര്‍പറേഷന്‍ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതമൂലം വൈദ്യുതി വിഭാഗത്തിനുണ്ടാവുമായിരുന്ന 25 കോടിയുടെ നഷ്ടം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ സ്വമേധയാ ഉള്ള ഇടപെടല്‍ മൂലം ഒഴിവായി.
40 വര്‍ഷത്തെ വൈദ്യുതി ഡ്യൂട്ടി കുടിശ്ശിക പിഴപലിശ സഹിതം 25 കോടി രൂപ ആവശ്യപ്പെട്ട് കോര്‍പറേഷനെതിരെ റവന്യൂ റിക്കവറി നടപടികളിലായിരുന്നു സര്‍ക്കാര്‍. അന്യായവും നിയമവിരുദ്ധവുമായ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കുടിശ്ശിക അടക്കേണ്ടതില്ലെന്നും കമ്മീഷന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് വാക്കാല്‍ നിര്‍ദ്ദേശിച്ചു.
വൈദ്യുതി വിഭാഗം വില്‍ക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഉപഭോക്താക്കളില്‍നിന്നും രണ്ട് പൈസ വീതം പിരിച്ച് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതാണ് ഡ്യൂട്ടി.
ഉപഭോക്താക്കളില്‍നിന്നും പിരിച്ചെടുത്ത തുക കൃത്യമായി കോര്‍പറേഷന്‍ സര്‍ക്കാരില്‍ അടച്ചതാണെങ്കിലും കോ ര്‍പ്പറേഷന്‍ വില്പന നടത്തിയ വൈദ്യുതിക്കല്ല, ഇലക്ട്രിസിറ്റി ബോര്‍ഡില്‍നിന്നും വാങ്ങിയ വൈദ്യുതി കണക്കാക്കി ഏഴ് ശതമാനം ലൈന്‍ലോസ് ഒഴിവാക്കി ഡ്യൂട്ടി അടക്കണമെന്ന പുതിയ നിര്‍ദ്ദേശമാണ് കോര്‍പ്പറേഷന് വിനയായത്.
40 വര്‍ഷത്തെ കുടിശ്ശിക കണക്കാക്കിയാലും 9 കോടിയേ വരുന്നുള്ളൂവെങ്കിലും പിഴപ്പലിശ കൂടി കൂട്ടിയാണ് 25 കോടിയാക്കിയത്. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയെങ്കിലും അതിനു പോലും തയ്യാറാകാതെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് കലക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നടപടി കോര്‍പ്പറേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്.
കോടതി വഴി പരിഹാരം സാധ്യമാകില്ലെന്നും അനുകൂലവിധി പ്രതീക്ഷിക്കേണ്ടെന്നും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയുള്ള രാഷ്ട്രീയ പരിഹാരം മാത്രമാണ് പോംവഴിയെന്നും കാണിച്ച് ഹൈക്കോടതിയില്‍ കോര്‍പറേഷന്‍ അഭിഭാഷകന്‍ രേഖാമൂലം നിയമോപദേശം നല്‍കിയതാണ്.
അതനുസരിച്ച് നടപടിക്ക് കൗണ്‍സില്‍ യോഗം മാസങ്ങള്‍ക്കു മുമ്പേ തീരുമാനവുമെടുത്തതാണ്. പക്ഷേ, കോര്‍പറേഷന്‍ നേതൃത്വം നിസ്സംഗത പാലിച്ച് നടപടിയെടുക്കാതെ കയ്യുംകെട്ടി ഇരിക്കയായിരുന്നു.
എംഎല്‍എ വഴി വൈദ്യുതി മന്ത്രിയെ കണ്ട് ചര്‍ച്ചയ്‌ക്കോ നിവേദനം നല്‍കാന്‍പോലുമോ താല്പര്യം കാട്ടിയില്ല. റഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയിലും പെടുത്തിയില്ല. ഇതിനിടെയാണ് യാദൃച്ഛികമായി റഗുലേറ്ററി കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായത്.
മാത്രമല്ല, കുടിശ്ശിക പ്രശ്‌നം സംബന്ധിച്ച് കമ്മീഷന് ആക്ഷേപം ബോധിപ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വൈദ്യുതി വിഭാഗത്തെകൂടി കേട്ടുകൊണ്ടാരിക്കും ആക്ഷേപത്തില്‍ കമ്മീഷന്‍ ഔദ്യോഗിക തീരുമാനമെടുക്കുക.
Next Story

RELATED STORIES

Share it