Gulf

രോഹിത് വെമൂലയുടെ മരണം; അടിച്ചമര്‍ത്തപ്പെട്ടവന്റെ സമരപ്രഖ്യാപനം: സോഷ്യല്‍ ഫോറം

ദോഹ: ഹൈദരബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമൂല സ്വന്തം ജീവ ത്യാഗത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവന്റെ സമരപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ എം ടി പി റഫീക്ക് അഭിപ്രായപ്പെട്ടു.
സഹിഷ്ണുതയുടെ ഇന്ത്യ എന്ന പ്രമേയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുണീസ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഒരു ആത്മാഹുതിയായിരുന്നെങ്കില്‍ ഇന്ത്യയിലെ ബ്രാഹ്മണ്യ മേല്‍ക്കോയ്മക്കെതിരായ ദലിത് വിപ്ലവത്തിന്റെ പുതിയ കൊടുങ്കാറ്റിനാണ് രോഹിത് തിരികൊളുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പശു, ലൗജിഹാദ്, ജനസംഖ്യാ വര്‍ധനവ് പോലുള്ള വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുകയും കുത്തകകളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുടക്കം മുതല്‍ മൃദുഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിനോ പൈങ്കിളി സമരങ്ങളിലൂടെ ഫാസിസത്തെ നേരിടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനോ യഥാര്‍ഥ ഫാഷിസത്തെ ചെറുക്കാനുള്ള ശേഷിയില്ല. ഫാസിസത്തിനേതിരേ ഇരകള്‍ യോജിച്ച് കൊണ്ട് പോരാട്ട രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അസീസ് സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു.
ഫാഷിസത്തിനെതിരേ അടിച്ചമര്‍ത്തപ്പെട്ടവര്‍ യോജിപ്പിന്റെ പാത കണ്ടെത്തണമെന്നും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാനുള്ള വഴികള്‍ തേടണമെന്നും യോഗത്തില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച യുവകലാസാഹിതി ജനറല്‍ സെക്രട്ടി യേശുദാസ് മൈനാഗപ്പള്ളി അഭിപ്രായപ്പെട്ടു.
ഐ എം സി സി പ്രതിനിധി മുബാറക്,ഫ്രട്ടേണിറ്റി ഫോറം ദോഹ ഡിവിഷന്‍ പ്രസിഡന്റ് റാസി ഖ് തലശ്ശേരി, ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മലപ്പുറം ജില്ല സോഷ്യല്‍ ഫോറം ജനറല്‍ സെക്രടറി ശംസുദ്ധീന്‍ ഒഴൂര്‍ അധ്യക്ഷത വഹിച്ചു. രോഹിത് വെമുലയുടെ മരണ കുറിപ്പ് പ്രസ്തുത യോഗത്തില്‍ വായിച്ചു. നിവര്‍ന്നു നില്‍ക്കുക എന്ന സോഷ്യല്‍ ഫോറം കള്‍ച്ചറല്‍ വിംഗ് അവതരിപ്പിച്ച ഹ്രസ്വ നാടകവും അരങ്ങേറിയിരുന്നു. ഫോറത്തിലേക്ക് പുതുതായി കടന്നുവന്നവരെ സോഷ്യല്‍ ഫോറം സ്റ്റേറ്റ്‌സെക്രട്ടറി അബ്ദുസലാം പാണ്ട്യാട്ട് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
Next Story

RELATED STORIES

Share it