thrissur local

രോഹിത് വെമുല നവബ്രാഹ്മണ്യത്തിന്റെ ഇര: സൈമണ്‍ ബ്രിട്ടോ

തൃശൂര്‍: ഇന്ത്യയില്‍ നവബ്രാഹ്മണ്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരുടെ ശ്രമങ്ങള്‍ക്കുള്ള ഇരയാണ് രോഹിത് വെമുലയെന്ന് മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ. സെക്യുലര്‍ ഫോറം തൃശൂര്‍ സംഘടിപ്പിച്ച കേരളത്തിനൊരു സെക്യുലര്‍ അജണ്ട ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മതനിരപേക്ഷതയുടെ പ്രധാന ശത്രു ബ്രാഹ്മണ്യമാണ്.
മതനിരപേക്ഷത യുദ്ധം ചെയ്യേണ്ടത് ബ്രാഹ്മണ്യത്തിനെതിരായാണ്. സമത്വവും സാഹോദര്യവും ഭരണഘടനയുടെ ആമുഖത്തില്‍ മാത്രമേയുള്ളൂ. ഭരണഘടനയില്‍ ഉണ്ടെന്നും പറയുന്നുണ്ടെങ്കിലും ഒരു നിയമം പേലും മതനിരപേക്ഷതക്ക് വേണ്ടി എഴുതിവെച്ചിട്ടില്ല. മറ്റുള്ളവരെ ഉള്‍കൊള്ളാനുള്ള ഉള്‍കൊള്ളാന്‍ കഴിയുമ്പോഴേ മതനിരപേക്ഷ സമൂഹം സാധ്യമാകൂ. അതിനുള്ള ഉള്‍കാഴ്ച കേരളീയ സമൂഹത്തിന് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടുപോയ കൂട്ടായ്മയെ വളര്‍ത്തിയെടുക്കുകയാണ് അതിന് വേണ്ടത്.
മതനിരപേക്ഷതക്കായി വലിയ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തണം. ഇന്ത്യയില്‍ ദലിതന്റെ പ്രശ്‌നം വലിയ സാമൂഹിക പ്രശ്‌നമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അയുക്തികതയെ മാറ്റി യുക്തിയെ പ്രതിഷ്ഠിക്കുകയെന്നതാണ് സെക്യുലിറസത്തിന്റെ കാതല്‍.
അതിനായി തലച്ചോര്‍ യുക്തിയില്‍ കൊണ്ടുവരണം. ഇന്നലെ വരെ അബോധ മനസ്സിന്റെ പ്രവര്‍ത്തനമായിരുന്നു മതനിരപേക്ഷതയെങ്കില്‍ ഇന്നുമുതല്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം കൊണ്ടേ മതനിരപേക്ഷത കൊണ്ടുവരാന്‍ സാധിക്കൂ. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് അതിലേക്കാണ്.
യഥാര്‍ഥത്തില്‍ ബംഗാളിലെ നവോഥാനത്തെ തടസ്സപ്പെടുത്തുകയായിരുന്നു സ്വാമി വിവേകാനന്ദന്‍. അദ്ദേഹം ഒരിക്കലും ബ്രാഹ്മണ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ബ്രാഹ്മണ്യത്തെ തള്ളിപ്പറഞ്ഞ ബാസവയ്യയെ വാഴിക്കുന്നതിന് പകരം വിവേകാനന്ദനെ കൊണ്ടാടുന്നതിലെ യുക്തി പരിശോധിക്കപ്പെടണം. ഗാന്ധി സെക്യുലറിസ്റ്റാണെന്നത് അംഗീകരിക്കാനാകില്ല. മതാത്മകതയെ പ്രോത്സാഹിപ്പിച്ചയാളായിരുന്നു ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനൊരു സെക്യുലര്‍ അജണ്ട കരട് സമീപന രേഖയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗം വര്‍ഗീയതക്ക് കീഴ്‌പ്പെടുകയാണെന്ന് 'മതനിരപേക്ഷ സമൂഹം നേരിടുന്ന വെല്ലുവിളികള്‍' പ്രബന്ധം അവതരിപ്പിച്ച കാവുമ്പായി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ മതാചാര ചടങ്ങുകളെ പൊതുനിരത്തിലേക്കിറക്കുന്ന മതസംഘടനകളുടെ പ്രവണത എതിര്‍ക്കപ്പെടണമെന്ന് സി.എല്‍. സൈമണ്‍ പ്രബന്ധം അവതരിപ്പിക്കവേ അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകറ്റി നിറുത്തപ്പെട്ട് ദലിതാവസ്ഥ അറിഞ്ഞുള്ള സമീപനം പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ടെന്ന് 'ദലിത് സ്വത്വവാദവും മതനിരപേക്ഷതയും എന്ന വിഷയം അവതരിപ്പിച്ച് ഡി ഷൈജന്‍ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളെ നിലനിറുത്തിക്കൊണ്ടുതന്നെ മതനിരപേക്ഷ സമൂഹത്തിനായുള്ള ഉയിര്‍ത്തെഴുന്നേല്‍പ് സാധ്യമാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് പ്രബന്ധം അവതരിപ്പിച്ച സോബിന്‍ മഴവീട് അഭിപ്രായപ്പെട്ടു. ദീപ നിശാന്ത് മോഡറേറ്ററായി. മാത്യു ആന്‍ഡ്രൂസ് സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it