Editorial

രോഹിത് വെമുലയുടെ ആത്മഹത്യ

ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് അതിനു പ്രേരണയായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ്. പട്ടികവിഭാഗ പീഡനവിരുദ്ധ നിയമമനുസരിച്ചാണ് മന്ത്രിക്കെതിരേ കേസെടുത്തത്.
രോഹിത് അംഗമായ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും ബിജെപിയുടെ വിദ്യാര്‍ഥിസംഘടനയായ എബിവിപിയുമായി കാംപസില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. രോഹിത് അടക്കമുള്ള വിദ്യാര്‍ഥികളുടെ 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍'ക്കെതിരേ നടപടി ആവശ്യപ്പെട്ട് മന്ത്രി ദത്താത്രേയ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തു നല്‍കിയതിന്റെ പിന്നാലെയായിരുന്നു സര്‍വകലാശാലയുടെ ശിക്ഷാനടപടികള്‍. മന്ത്രിയുടെ ഇടപെടലിനു ശേഷം ദലിത് വിദ്യാര്‍ഥികള്‍ക്കു നേരെ സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തുകയും ചെയ്തുവത്രേ. മന്ത്രി ഇതൊക്കെ നിഷേധിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥിസമൂഹത്തിനിടയില്‍ വന്‍ പ്രതിഷേധം ആളിക്കത്തുകയാണ്; അത് ന്യായവുമാണ്.
കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിലൂടെ ഉന്നത വിദ്യാഭ്യാസരംഗത്ത് ആധിപത്യം സ്ഥാപിക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. ഉന്നതങ്ങളില്‍ സംഘപരിവാരത്തിന്റെ ഇഷ്ടക്കാരെ പ്രതിഷ്ഠിക്കുകയാണ് അതിനു കണ്ട ഒരു വഴി. പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഭവിച്ചത് അതിന്റെ ഉദാഹരണമാണ്. ഉന്നത പഠന-ഗവേഷണരംഗത്തു നിന്നു മുസ്‌ലിം-ദലിത് പ്രാതിനിധ്യം ഒഴിവാക്കുകയാണ് മറ്റൊരു നടപടി. ഉന്നത വിദ്യാഭ്യാസരംഗത്ത് സംവരണം പാടില്ലെന്ന പ്രചാരണത്തിന്റെ മര്‍മം ഈ താല്‍പര്യത്തിലാണ് കുടികൊള്ളുന്നത്. മാത്രമല്ല, ഇപ്പോള്‍ പഠന-ഗവേഷണരംഗത്തുള്ള ദലിത് വിദ്യാര്‍ഥികള്‍ വളരെയധികം പീഡനങ്ങള്‍ അനുഭവിക്കുന്നുവെന്നത് ഒരു വസ്തുതയുമാണ്. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിലൂടെയുള്ള വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കാനും വിവേചനവും അപരവല്‍ക്കരണവും വഴി ഈ അധഃസ്ഥിത വിഭാഗങ്ങളെ അടിച്ചമര്‍ത്താനുമുള്ള ശ്രമമാണ് രോഹിതിന്റെ ആത്മഹത്യയിലും എത്തിച്ചേര്‍ന്നിട്ടുള്ളത്.
സവര്‍ണ മനസ്സാണ് അതിനു പിന്നിലെന്നു വ്യക്തം. രോഹിതും ഇതര ദലിത് വിദ്യാര്‍ഥികളും ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ സംഘടനാപ്രവര്‍ത്തനങ്ങളെ ദേശവിരുദ്ധ പ്രവര്‍ത്തനമായി മുദ്രകുത്തുകയാണ് ചെയ്തിട്ടുള്ളത്. സ്റ്റുഡന്റ്‌സ് ആക്ടിവിസത്തെ സര്‍വകലാശാല തന്നെ കലാപമായി ചിത്രീകരിച്ചത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്ന നടപടി തന്നെ. ഹൈദരാബാദ് സര്‍വകലാശാലയിലും തൊട്ടടുത്ത ഇഫ്‌ലുവിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പത്തോളം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ദലിത്-മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍. ഇതൊരു ആകസ്മികതയല്ല. അധഃസ്ഥിത വിഭാഗങ്ങള്‍ക്കെതിരായുള്ള സവര്‍ണ മേധാവിത്വത്തിന്റെ ആസൂത്രിത നടപടികളിലേക്ക് രോഹിതിന്റെ മരണം വെളിച്ചം പായിക്കുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അക്കാദമിക-സാമൂഹികരംഗങ്ങള്‍ ഈ ആസൂത്രിത നീക്കങ്ങളെ പ്രതിരോധിച്ചേ മതിയാവൂ.
Next Story

RELATED STORIES

Share it