രോഹിത് വെമുലയുടെ ആത്മഹത്യ ജാതിപ്രശ്‌നങ്ങളുടെ പേരിലല്ല: ഇറാനി

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകനായ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ ജാതി പ്രശ്‌നങ്ങളുടെ പേരിലല്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. വിദ്യാര്‍ഥിയുടെ ആത്മഹത്യ ഒരു ദലിത്, ദലിത്‌വിരുദ്ധ സംഭവമാക്കി പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്. ഇത് ഒരു ജാതിയുദ്ധമല്ലെന്നും അത്തരത്തില്‍ പ്രചാരണം നടത്താനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും ഇറാനി പറഞ്ഞു. സംഭവം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്.
ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ ശിക്ഷാനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മന്ത്രാലയം സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് അയച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. കേന്ദ്രമന്ത്രി ദത്താത്രേയ അയച്ച പരാതിക്കത്ത് വിഐപി പരാതിയായി പരിഗണിച്ച് വിസിക്ക് അയച്ചിരുന്നു. എന്നാല്‍, കേന്ദ്രമന്ത്രി ദത്തത്രേയയോ വിസിയോ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇറാനി പറഞ്ഞു.
രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ ഏതെങ്കിലും വ്യക്തികള്‍ക്കെതിരായോ സംഘടനകള്‍ക്കെതിരായോ ഒരു പരാതിയുമില്ല. കോണ്‍ഗ്രസ് എംപി ഹനുമന്ത റാവുവും സര്‍വകലാശാലയിലെ ഇതേ പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച് തനിക്ക് കത്തു നല്‍കിയിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
സസ്‌പെന്‍ഷനെതിരേ രോഹിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍, സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് സര്‍വകലാശാല നിര്‍വാഹക സമിതിയാണ്. ഈ കമ്മിറ്റിയെ നിയമിച്ചത് മുന്‍ യുപിഎ സര്‍ക്കാരാണെന്നും ഇറാനി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്. അന്നത്തെ സര്‍ക്കാര്‍ അക്കാര്യം പരിഹരിച്ചിരുന്നുവെങ്കില്‍ രോഹിത് ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പ് കേന്ദ്രസര്‍ക്കാരിനു കൈമാറാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ പ്രധാനമന്ത്രി മോദിയുമായി സ്മൃതി ഇറാനി ഇന്നലെ ചര്‍ച്ച നടത്തി. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച രണ്ടംഗ സമിതിയുടെ അന്വേഷണ റിപോര്‍ട്ടിലെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, തവര്‍ ചന്ദ് ഗലോട്ട്, നിര്‍മല സീതാരാമന്‍ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
അതേസമയം, രോഹിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി എടുക്കുന്നതിന് തനിക്കുമേല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു പറഞ്ഞു. നിയമപ്രകാരം മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും സര്‍വകലാശാലയില്‍ ജാതി വിവേചനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it