Middlepiece

രോഹിത്, രാജു, വെങ്കിടേഷ്, സെന്തില്‍, മുദസ്സിര്‍...

രോഹിത്, രാജു, വെങ്കിടേഷ്, സെന്തില്‍, മുദസ്സിര്‍...
X
slug-vettum-thiruthumഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടി മാത്രമാണു ഞാന്‍. ഹൈദരാബാദ് സര്‍വകലാശാലയ്ക്കുള്ളില്‍ സ്വന്തം പ്രസ്ഥാനത്തിനു വേണ്ടി തയ്യാറാക്കിയ ബാനറില്‍ കുരുക്കിട്ട് മരണം വരിച്ച- അതൊരു മരണമേ അല്ല, തീര്‍ച്ചയായും കൊലപാതകം, അരുംകൊലപാതകം- രോഹിത് വെമുല ഏതൊരു ഹൃദയത്തെയാണ് വേപഥുവിലാഴ്ത്താത്തത്?
ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകള്‍ക്കുള്ളില്‍ ഇത് ആദ്യത്തെ ദാരുണ മരണമാണോ? അല്ല. ഇന്ത്യയുടെ യഥാര്‍ഥ ബൗദ്ധിക സമ്പത്തുകള്‍ ഉന്നത സര്‍വകലാശാലകളിലാണ്. 'അരികുജീവിതങ്ങള്‍' സര്‍വകലാശാലാ കാംപസുകള്‍ക്കുള്ളില്‍ നീറിനീറി ഒടുങ്ങുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് രോഹിതിന്റെ സ്വയം മരണം. ഹൈദരാബാദ് സര്‍വകലാശാലയിലെ വര്‍ഷങ്ങളായുള്ള പീഡനങ്ങള്‍ കാംപസിലെ വിദ്യാര്‍ഥികള്‍ വിവരിക്കുന്നത് പലപ്പോഴും അവിശ്വസനീയമാംവണ്ണം ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. എന്റെ സ്വന്തമെന്നു പറയാവുന്ന രണ്ടുപേര്‍ ഇപ്പോള്‍ കാംപസിലുണ്ട്. ഈ കോളത്തില്‍ കാണുന്ന കത്തും കൈയക്ഷരവും രോഹിതിന്റേതാണ്. അസാധാരണ പ്രതിഭാശേഷിയുണ്ടായിരുന്ന കുട്ടിയായിരുന്നു അവന്‍. കൈയക്ഷരം വ്യക്തമാക്കുന്നു അവന്റെ ശാലീനതകള്‍; വൃത്തിയും വെടിപ്പും. ഒരു കടലമണി അവന് സ്വന്തമായി കിട്ടിയാല്‍ അതുപോലും ഒന്നിച്ചു നടക്കുന്നവര്‍ക്കായി വീതംവച്ചിരുന്ന ഹൃദയകാരുണ്യം. കൈയക്ഷരം അയച്ചുതന്ന ഗവേഷകവിദ്യാര്‍ഥി പറയുന്നു: ''ഏഴു വര്‍ഷത്തിനിടെ ആറ് കീഴാളവിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്കുള്ളില്‍ ആത്മഹത്യചെയ്തു.'' കാരണം, സവര്‍ണമേധാവിത്വത്തിന്റെ പീഡനങ്ങള്‍. ജാതിക്കുടുമയും മുഗ്ഗോപിയുമായി 'വഴിമാറിക്കോ' എന്നാക്രോശിച്ചു വരുന്ന 'അധ്യാപഹയന്‍' സ്വന്തം ആവശ്യത്തിനു കുഴിച്ച കിണറുപോലും സര്‍വകലാശാലയ്ക്കകത്ത് ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍ അധമസംസ്‌കാരത്തിന്റെ വൈതാളികന്മാര്‍ സ്റ്റാഫ് റൂമില്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കണ്ട. ഹോസ്റ്റല്‍ വാര്‍ഡനായും അഡ്മിനിസ്‌ട്രേറ്ററായും വിസി അപ്പറാവുവിനെപ്പോലുള്ള 'കാല്‍നക്കി'കളായും സൈ്വരവിഹാരം നടത്തുന്ന അധമന്മാരുള്ള യൂനിവേഴ്‌സിറ്റി കാംപസിനുള്ളില്‍ നിരന്തരം ധര്‍മസമരത്തിലേര്‍പ്പെട്ടവരാണ് മുമ്പ് ആത്മഹത്യചെയ്ത കീഴാളവിദ്യാര്‍ഥികള്‍.
രോഹിതിനു പുറമേ ദോന്ത പ്രശാന്ത്, സുങ്കണ്ണ, വിജയ്കുമാര്‍, ശേഷു ശേമ്മഹുട എന്നിവരും ധര്‍മസമരത്തിലേര്‍പ്പെട്ട് വിസി എന്ന കാപാലികന്റെ ശിക്ഷാവിധികള്‍ ഏറ്റുവാങ്ങിയവര്‍. പ്രതിഭാശാലികളായ ഈ മക്കള്‍ എന്തു തെറ്റാണു ചെയ്തത്. ഒട്ടും സര്‍ഗാത്മകമല്ലാത്ത അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത് എന്ന ബ്രാഹ്മണസംഘത്തിന്റെ കുന്നായ്മയ്ക്കും തീവെട്ടിക്കൊള്ളസംസ്‌കാരത്തിനും ഇവര്‍ കൂട്ടുനിന്നില്ല. പകരം, ഇവര്‍ സംഘം ചേര്‍ന്നത് കാംപസിലെ അതിവിശാലമായ പൂമരങ്ങള്‍ക്കു ചുവട്ടിലായിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷയെ തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരം അനുഷ്ഠിച്ചതിന്, റമദാന്‍ നാളുകളില്‍ ഇഫ്താര്‍ സംഘടിപ്പിച്ചതിന്, ജുമുഅ നമസ്‌കാരം കഴിഞ്ഞ് തൊപ്പിധരിച്ച് സംഘമായി വരുന്നതിന്, ബാങ്ക് കേട്ടാലുടന്‍ മസ്ജിദ് ലക്ഷ്യമാക്കി നീങ്ങുന്നതിന്. കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നാം, പരീക്ഷാപേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഫീസടച്ചാല്‍ പോലും തടഞ്ഞുനിര്‍ത്തി അസഭ്യാഭിഷേകം ചെയ്യുന്ന അഖില ഭാരതീയ പരിഷത്തിന്റെ ബുദ്ധിശൂന്യന്മാര്‍! സ്വന്തം ഹോസ്റ്റല്‍ മുറിയില്‍ അംബേദ്കറുടെ, ശ്രീബുദ്ധന്റെ പടം സ്ഥാപിച്ചതിനുപോലും പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന രോഹിത്. രാജു, വെങ്കിടേഷ്, സെന്തില്‍, മുദസ്സിര്‍ തുടങ്ങി തനിക്കു മുമ്പേ സ്വയം മരണംവരിച്ച് 'ഇറങ്ങിനടന്നവര്‍'ക്കു വേണ്ടി സ്വന്തം പ്രസ്ഥാനത്തിന്റെ ബാനര്‍ മരണക്കുരുക്കായി സ്വീകരിച്ചപ്പോള്‍ ഇനി വരാനുള്ളവരോടും ഇപ്പോള്‍ തീക്കനല്‍ ചവിട്ടി മടമ്പ് പൊള്ളിയവരോടും ആ ശഹീദുകള്‍ പറയുന്നതെന്ത്?
നവീന പൗരബോധത്തിന്റെ മൂന്നാംകണ്ണ് ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്കുള്ളില്‍ തുറക്കപ്പെടണം. അത് മൂന്നാം തൃക്കണ്ണും അതില്‍നിന്നു പാറുന്ന അഗ്നി സകല പൂണൂലുകളുടെയും പിന്‍കുടുമകളുടെയും നാറിപ്പുളിച്ച വിവേചനങ്ങളെ കത്തിച്ചാമ്പലാക്കുന്നതും ആയിരിക്കണം.
ആവട്ടെ, പ്രതിഷേധജ്വാലകള്‍ ഇന്ത്യയെമ്പാടും സര്‍ഗാത്മക മനസ്സുകളില്‍ കത്തിപ്പടരുകയാണ്. രോഹിതിനെയും മുദസ്സിറിനെയും മറക്കവയ്യ. കാരണം, അവര്‍ ഒടുക്കപ്പെട്ടുവെങ്കിലും ആ ഓര്‍മകളില്‍നിന്ന് ഒരായിരം കത്തുന്ന കണ്ണുകള്‍ കാംപസില്‍ പുനര്‍ജനിക്കുകയാണ്. അഭിവാദ്യങ്ങള്‍!
Next Story

RELATED STORIES

Share it