രോഹിത് ദലിത് പീഡനങ്ങളുടെ  രക്തസാക്ഷി: കൊടിക്കുന്നില്‍

കൊല്ലം: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍, കേന്ദ്രസര്‍ക്കാരിന്റെ ദലിതരോടുള്ള സമീപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപി.
രാജ്യത്താകമാനം നടന്നുവരുന്ന ദലിത് പീഡനങ്ങളുടെ രക്തസാക്ഷിയാണ് രോഹിത് വെമുല. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറിയ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി അധികാരത്തിലേറിയ ശേഷം രാജ്യത്ത് ദലിതര്‍ക്കു നേരേയുള്ള കടന്നാക്രമണം വര്‍ധിച്ചുവരികയാണ്. വിദ്യാഭ്യാസപരമായി മുന്നോട്ടുവരികയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നവരെ ദേശവിരുദ്ധ മുദ്രചാര്‍ത്തി ഇല്ലാതാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
രോഹിത് വെമുല ആത്മഹത്യചെയ്ത സംഭവത്തില്‍ ഉത്തരവാദിയായ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയാണ് സര്‍വകലാശാല അധികൃതരില്‍ സമ്മര്‍ദം ചെലുത്തി ഈ വിദ്യാര്‍ഥിയെ പുറത്താക്കാന്‍ കളമൊരുക്കിയത് എന്നത് കൊണ്ട് ഒരുനിമിഷം പോലും അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ വച്ചുകൊണ്ടിരിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it