രോഹിതിനെ പ്രധാനമന്ത്രിഅവഹേളിച്ചു: വിദ്യാര്‍ഥികള്‍

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അവഹേളനാപരമാണെന്ന് സമരക്കാരായ വിദ്യാര്‍ഥികള്‍. സംഭവത്തിലുള്ള പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും രോഹിതിന്റെ മരണത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ സമരം തുടരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായ മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മോദി തയ്യാറാവുമോയെന്നും വിദ്യാര്‍ഥികള്‍ ചോദിച്ചു.
പ്രധാനമന്ത്രിയുടെ അനുശോചന പ്രസ്താവന വളരെ വലിയ അവഹേളനമാണ്. ഭാരതമാതാവിന്റെ മകനെന്നാണ് രോഹിതിനെ മോദി വിശേഷിപ്പിച്ചത്. രോഹിതിന്റെ രാഷ്ട്രീയത്തെ റദ്ദുചെയ്യുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് വിദ്യാര്‍ഥികളുടെ സംയുക്ത സമരസമിതി ചൂണ്ടിക്കാട്ടി.
ബിജെപി മന്ത്രിമാര്‍ അഭിമാനപൂര്‍വം പിന്തുണയ്ക്കുന്ന ഹിന്ദുത്വ മനുവാദ രാഷ്ട്രീയത്തിനെതിരായാണ് രോഹിതും സാമൂഹികമായി തിരസ്‌കരിക്കപ്പെട്ട മറ്റു വിദ്യാര്‍ഥികളും നിലകൊണ്ടതെന്നും സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സര്‍വകലാശാലയിലെ ഏഴു വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിരാഹാര സമരം തുടരുമെന്ന് സമരക്കാരിലൊരാളായ ജി പ്രഭാകര്‍ പറഞ്ഞു.
കേന്ദ്രം ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പക്ഷെ, രോഹിതിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കാതെ സമരം നിര്‍ത്തില്ലെന്നും പ്രഭാകര്‍ പറഞ്ഞു.
ഒന്നാം പ്രതിയായ വൈസ് ചാന്‍സലര്‍ അപ്പറാവുവിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. വിദ്യാര്‍ഥികള്‍ക്കെതിരേ സര്‍വകലാശാലയ്ക്കു കത്തയച്ച സ്മൃതി ഇറാനിയെയും ബന്ദാരു ദത്താത്രേയയേയും അറസ്റ്റ് ചെയ്യുകയും വേണം. അറസ്റ്റില്ലാതെ ജുഡീഷ്യല്‍ അന്വേഷണം മാത്രം കൊണ്ട് ഞങ്ങള്‍ക്ക് വിശ്വാസം വരില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇതിനിടെ നിരാഹാര സമരം തുടരുന്ന ഏഴു വിദ്യാര്‍ഥികളെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സര്‍വകലാശാലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, രോഹിതിന്റെ കുടുംബത്തിന് സര്‍വകലാശാല വാഗ്ദാനം ചെയ്ത എട്ടു ലക്ഷം രൂപ സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. സര്‍വകലാശാല എട്ടു കോടി തന്നാലും സ്വീകരിക്കില്ലെന്ന് രോഹിതിന്റെ സഹോദരി നീലിമ പറഞ്ഞു.
Next Story

RELATED STORIES

Share it