Business

രൂപയുടെ മൂല്യം വീണ്ടും തകരുമ്പോള്‍

രൂപയുടെ മൂല്യം വീണ്ടും തകരുമ്പോള്‍
X


rupee

മുംബൈ: ആഗോള സമ്പദ്ഘടനയില്‍ വീണ്ടും ആശങ്ക പരക്കുമ്പോള്‍ അന്താരാഷ്ട്ര സാമ്പത്തിക വിപണികള്‍ യു.എസ്. ഡോളറില്‍ അഭയംപ്രാപിക്കുകയാണ്. ഈ ഡോളറിലേക്കുള്ള പോക്ക് തീര്‍ച്ചയായും വികസനപാതയിലുള്ള മറ്റു കറന്‍സികള്‍ക്കു ക്ഷീണമാണ്. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ആദ്യമായി പലിശനിരക്ക് പൂജ്യത്തിനടുത്തായി കുറച്ച 2013ലെ സംഭവവികാസങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നാണ്  ചില നിക്ഷേപകര്‍ കരുതുന്നത്.

90കളില്‍ ഏഷ്യന്‍ സമ്പദ്ഘടന കടബാധ്യതയാല്‍ അഭിമുഖീകരിച്ച പ്രതിസന്ധി ഒന്നുകൂടി ആവര്‍ത്തിക്കപ്പെടുകയാണെന്നാണു മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രസീല്‍, തുര്‍ക്കി, മലേസ്യ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികള്‍ ഇപ്പോഴും 23 ശതമാനം തൊട്ട് 7 ശതമാനം വരെ താഴ്ന്ന നിലയിലാണ്. ഇന്ത്യന്‍ രൂപയ്ക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്, ഈ വര്‍ഷം 3.5 ശതമാനം വരെ പുറകോട്ടു പോയി. കഴിഞ്ഞദിവസം വിപണി അവസാനിച്ചത് ഡോളറിന് 66 രൂപയ്ക്കായിരുന്നു. ഇത് 2013ല്‍ 68ഓളമെത്തിയ മൂല്യത്തകര്‍ച്ചയാവുമോയെന്നാണു നിരീക്ഷകരെ ആശങ്കയുളവാക്കുന്നത്.

പക്ഷേ, വിശകലനങ്ങള്‍ പറയുന്നത് അത്തരമൊരു അവസ്ഥാവിശേഷത്തിനു സാധ്യതയില്ലെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ തന്നെ ഗുണകരമായിത്തീരുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബി.എന്‍.പി. പരിഭാസ് ഇന്ത്യ മേധാവി മനോജ് റാണെ പറയുന്നു: 'ഇന്ത്യയിലെ സാമ്പത്തികഘടന ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിന്നു വ്യത്യസ്തമാണ്. അതിനാല്‍ രൂപയ്ക്ക് ഡോളറിനെതിരേ പിടിച്ചുനില്‍ക്കാന്‍ കഴിയും.

വികസിച്ചു വരുന്ന  ബ്രസീല്‍, റഷ്യന്‍ വിപണികളെ പോലെ ഇന്ത്യ കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യമല്ല, അതിനാല്‍ രൂപയുടെ സ്ഥിതി ആശ്വാസജനകമാണ്. നിലവിലുള്ള പ്രതിസന്ധിയില്‍ അയവുവരുമ്പോള്‍ ഡോളറിനെതിരേ 65 രൂപയില്‍ പിടിച്ചു നിര്‍ത്താമെന്നു പ്രതീക്ഷിക്കാം.'

ഇതേ അഭിപ്രായം തന്നെയാണ് എച്ച്.എസ്.ബി.സിയുടെ ജൂ വാങും പങ്ക് വയ്ക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഈ വര്‍ഷം 66ലെത്തുകയും ഒരുപക്ഷേ അടുത്തവര്‍ഷം അത് 67 ആയി ഇടിയുകയും ചെയ്യുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.
ഡോളറിനെതിരേ പിടിച്ചുനില്‍ക്കാന്‍ മറ്റു കറന്‍സികള്‍ക്കൊന്നുമാവില്ലെങ്കിലും നവവിപണികളില്‍ രൂപ ഒരു അപവാദമായിരിക്കുമെന്നും അവര്‍ പറയുന്നു. വ്യാപാരത്തിലുള്ള അഭിവൃദ്ധിയും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയും രൂപയ്ക്കു ശക്തി പകരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി രൂപ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.

പക്ഷേ, ആഗോളവിപണിയുടെ ദൗര്‍ബല്യവും മറ്റു കറന്‍സികളുടെ വിലയിടിവും ഇന്ത്യന്‍ കയറ്റുമതിയെ മല്‍സരാധിഷ്ഠിതമല്ലാതാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി താഴ്ന്നു കിടക്കുന്ന കയറ്റുമതിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് അതാണു ചൂണ്ടിക്കാട്ടുന്നത്. യു.എസിലെയും ഇന്ത്യയിലെയും 4-5 ശതമാനം വരെ വ്യത്യാസത്തിലുള്ള നാണയപ്പെരുപ്പം യുക്തിപരമായി അത്രയും തുകയുടെ മൂല്യത്തകര്‍ച്ചയാണ്.

ഒരു നിശ്ചിത കാലയളവില്‍ ഉദാഹരണത്തിന് ഒരു വര്‍ഷത്തേക്ക് വിലയിടിവ് 5 ശതമാനമായി പിടിച്ചുനിര്‍ത്താമെങ്കില്‍ ആഗോളവിപണിയുമായി ഇന്ത്യന്‍ കയറ്റുമതിക്കു മല്‍സരിക്കാന്‍ സാധിക്കുമെന്നാണ് ഫെഡറല്‍ ബാങ്ക് ട്രഷറി മേധാവി അശുതോഷ് ഖജുരിയ പറയുന്നത്. എന്നിരുന്നാലും 2013ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമായി, ഇറക്കുമതിയിലെ വളര്‍ച്ച പുതിയ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുമെന്ന് ആശ്വസിക്കാം.
Next Story

RELATED STORIES

Share it