Gulf

രൂപയുടെ മൂല്യം വര്‍ഷാവസാനത്തില്‍ 20 കവിഞ്ഞേക്കും

ദോഹ: ഡോളര്‍ ശക്തിപ്പെടുന്നതിന് അനുസരിച്ച് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തുടരുന്നു. വരും മാസങ്ങളിലും ഇതേനില തുടരാനാണ് സാധ്യതയെന്നും ഈ വര്‍ഷം അവസാനത്തോടെ ഒരു ഖത്തര്‍ റിയാലിന് 19.50രൂപ മുതല്‍ 20.32 രൂപ വരെ ലഭിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ത്തനെ ഒരു റിയാലിന് പതിനെട്ടര രൂപയ്ക്കുമുകളില്‍ ലഭിക്കുന്നുണ്ട്. ഒരു ഖത്തര്‍ റിയാലിന് 18.63 രൂപാ നിരക്കിലാണ് ഇന്നലെ ഖത്തറില്‍ വിനിമയം നടന്നത്. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറേ ആഴ്ചകളായി രൂപയുടെ മൂല്യം ഒരു ഖത്തര്‍ റിയാലിന് പതിനെട്ട് രൂപയ്ക്കു മുകളിലായി തുടരുകയാണ്. ലോങ് ഫോര്‍കാസ്്റ്റ് ഡോട്ട് കോമിന്റെ റിപോര്‍ട്ട് പ്രകാരം ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍രൂപയുടെ വില ഇടിവ് തുടരും. ഇന്നലെ ഒരു ഡോളറിന് 67.61 രൂപ എന്ന നിരക്കിലാണ് വിനിമയം നടന്നത്. ഈ വര്‍ഷം നവംബറാകുമ്പോഴേക്കും ഒരു ഡോളറിന് 74 ഇന്ത്യന്‍ രൂപയായി മൂല്യം ഇടിയുമെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ വര്‍ഷാവസാനം ഒരു റിയാലിന് 20.32 ഇന്ത്യന്‍ രൂപ ലഭിച്ചേക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 സപ്തംബര്‍ മൂന്നിനാണ് ഇതിനു മുമ്പ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടായത്. ഒരു ഡോളറിന് 68.845 രൂപയായാണ് ഇടിഞ്ഞത്. അന്ന് ഒരു റിയാലിനു 18 രൂപ 80 പൈസയാണു ലഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഉടന്‍ മറികടക്കുമെന്നാണ് സൂചന. രൂപയുടെ മൂല്യത്തിലെ ഇടിവ് ഇങ്ങനെ തുടര്‍ന്നാല്‍ ഈ മാസം അവസാനം തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുക ഒരു റിയാലിന് ലഭിക്കുമെന്ന് വിവിധ എക്‌സ്‌ചേഞ്ച് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത ആറു മുതല്‍ എട്ടുവരെ മാസങ്ങള്‍ക്കുള്ളില്‍ ഒരു റിയാലിന് 19.50രൂപ നിരക്കില്‍ വിനിമയം നടന്നേക്കും. വര്‍ഷാവസാനത്തോടെ ഇത് ഇരുപത് രൂപയിലേക്കെത്തിയേക്കും. രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഗുണകരമാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി മൂല്യം ഇതേനില തുടരുമെന്നാണ് അറിയുന്നത്. റിയാലുമായുള്ള വിനിമയ നിരക്കില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തില്‍ 40 ശതമാനത്തിന്റെ കുറവാണുണ്ടായത്.
2010 സപ്തംബര്‍ മധ്യത്തില്‍ ഒരു റിയാലിന് 12.05 രൂപയായിരുന്നു നിരക്ക്. യു.എസ് ഡോളറുമായുള്ള ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരുവര്‍ഷമായി മറ്റു രാജ്യങ്ങളിലെ കറന്‍സികളുമായി വിനിമയനിരക്കില്‍ ഏകദേശം പത്തുശതമാനത്തിന്റെയെങ്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it