രാഹുല്‍ ഈശ്വറും അലി അക്ബറും ബിജെപി സ്ഥാനാര്‍ഥികളാവും

രാഹുല്‍ ഈശ്വറും അലി അക്ബറും ബിജെപി സ്ഥാനാര്‍ഥികളാവും
X
rahul

തിരുവനന്തപുരം: രാഹുല്‍ ഈശ്വറും സംവിധായകന്‍ അലി അക്ബറും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളാവും. കൊടുവള്ളിയിലാണ് അലി അക്ബര്‍ മല്‍സരിക്കുക. രാഹുല്‍ ഈശ്വര്‍ കാഞ്ഞിരപ്പള്ളിയിലും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷവും തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിശ്ചിയിക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. ചര്‍ച്ചകളെല്ലാം നടന്‍ സുരേഷ് ഗോപിയിലാണ് എത്തിനില്‍ക്കുന്നത്. എന്നാല്‍, വിജയപ്രതീക്ഷയില്ലാത്തതിനാല്‍ സുരേഷ്‌ഗോപി ഇതുവരെ സമ്മതം മൂളിയിട്ടില്ല. സ്ഥാനാര്‍ഥിയാവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി സുരേഷ്‌ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളും ഫലംകണ്ടില്ല. സുരേഷ്‌ഗോപി ഇപ്പോഴും ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് സ്ഥാനാര്‍ഥിയായേക്കുംതൃപ്പൂണിത്തുറയില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ശ്രീശാന്ത് ആഗ്രഹം പ്രകടിപ്പിച്ച തൃപ്പൂണിത്തുറ മണ്ഡലം തന്നെ നല്‍കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശുപാര്‍ശയാണ് പ്രശ്‌നമായത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സാഹിത്യകാരനും പണ്ഡിതനുമായ പ്രഫ. തുറവൂര്‍ വിശ്വംഭരന്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. തുറവൂര്‍ വിശ്വംഭരന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ ഏറെ മുന്നോട്ടു പോയി. ഏറെ സമ്മര്‍ദ്ദം ചെലുത്തി സ്ഥാനാര്‍ഥിത്വത്തിനു സമ്മതിപ്പിച്ച തുറവൂര്‍ വിശ്വംഭരനോടു പിന്മാറാന്‍ ആവശ്യപ്പെടാന്‍ കഴിയാത്ത ധര്‍മ സങ്കടത്തിലാണ് സംസ്ഥാന നേതൃത്വം. എറണാകുളം മണ്ഡലത്തില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ എന്‍ കെ മോഹന്‍ദാസിനെ മാറ്റി ശ്രീശാന്തിനെ മല്‍സരിപ്പിക്കാമെന്ന ആലോചനയുമുണ്ട്. ധര്‍മടത്ത് നിയോഗിച്ച യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിനെ ബേപ്പൂരില്‍ നിര്‍ത്താനും ധാരണയായി. നടന്‍ ഭീമന്‍ രഘു പത്തനാപുരത്ത് മല്‍സരിക്കാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മുന്‍ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പാറശ്ശാലയിലും സംവിധായകന്‍ രാജസേനന്‍ നെടുമങ്ങാട്ടും ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്‍ നെയ്യാറ്റിന്‍കരയിലും അഡ്വ. ബി ഗോപാലകൃഷ്ണന്‍ തൃശൂരിലും സ്ഥാനാര്‍ഥിയാവും.
Next Story

RELATED STORIES

Share it