രാഹുല്‍ ഈശ്വറിനു നേരെ കൈയേറ്റശ്രമം

കായംകുളം: കായംകുളം എം. എസ്.എം. കോളജില്‍ സെമിനാറില്‍ സംസാരിച്ചു മടങ്ങുകയായിരുന്ന രാഹുല്‍ ഈശ്വറിനു നേരെ കൈയേറ്റശ്രമം. ഇന്നലെ രാവിലെ 11.30ഓടെ കോളജ് അങ്കണത്തിലാണു സംഭവം. ചടങ്ങില്‍ സംസാരിച്ചശേഷം മടങ്ങുകയായിരുന്ന രാഹുലിന്റെ കാര്‍ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. കരിങ്കൊടി ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. മുദ്രാവാക്യം വിളികളോടെ കാറിനു മുന്നില്‍ നിന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്കു രാഹുല്‍ ഇറങ്ങാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിന്റെ വക്കിലെത്തി.

ഇതിനിടെ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പിന്നീട് പോലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘപരിവാര ആശയപ്രചാരകനായി അറിയപ്പെടുന്ന രാഹുല്‍ ഈശ്വറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് ഇയാളെ സെമിനാറില്‍ പങ്കെടുപ്പിച്ചത്. കായംകുളം ഡിവൈ.എസ്.പി. ഓഫിസിലെത്തി പരാതി നല്‍കിയ ശേഷമാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സംഭവത്തെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ അപലപിച്ചു.
Next Story

RELATED STORIES

Share it