രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവും; പ്രത്യേക പ്രവര്‍ത്തക സമിതി ഉടന്‍ ചേരും 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെത്തും. ഇതു സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന തീരുമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതിനായി പ്രത്യേക പ്രവര്‍ത്തകസമിതി വിളിച്ചുകൂട്ടും. അടുത്തമാസം ഉത്തരാഖണ്ഡിലോ ഹിമാചല്‍ പ്രദേശിലോ കോണ്‍ഗ്രസ് ചിന്തന്‍ശിബിര്‍ വിളിച്ചുചേര്‍ക്കുമെന്നും ഇതിലായിരിക്കും സ്ഥാനാരോഹണം ഉണ്ടാവുകയെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും കോണ്‍ഗ്രസ്സിനെ ദേശീയതലത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികളൊന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് ആക്ഷേപമുണ്ട്. പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്ന കേരളത്തിലും അസമിലും പരാജയപ്പെടുകയും ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രവര്‍ത്തകസമിതി ഉടന്‍ ചേരണമെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
പൊതുതിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് 2014 തുടക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അവസാനമായി ചേര്‍ന്നത്. അന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും രാഹുലും തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചെങ്കിലും പ്രവര്‍ത്തകസമിതി തള്ളി. ഹൈക്കമാന്‍ഡിന്റേതല്ല മറിച്ച് മറ്റ് നേതാക്കളുടെ പരാജയമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്ന് പതിവുപോലെ പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കടുത്ത നടപടികളും മാറ്റങ്ങളും വേണമെന്ന് ദ്വിഗ്‌വിജയ് സിങിനെ പോലുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉടന്‍ പ്രവര്‍ത്തകസമിതി യോഗം വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നേരത്തെ തന്നെ രാഹുലിനെ അധ്യക്ഷ പദവിയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയിരുന്നെങ്കിലും രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. രാഹുലിനു പകരം പ്രിയങ്കയെ അധ്യക്ഷസ്ഥാനത്ത് അവരോധിക്കാനായിരുന്നു സോണിയക്ക് ആദ്യം താല്‍പര്യം. ഇതേച്ചൊല്ലി ഇരുവര്‍ക്കും ഇടയില്‍ പിണക്കവും നിലനിന്നിരുന്നു.
എന്നാല്‍, ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരേ നിലനില്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ വിനയാവുമെന്ന ആശങ്കയാണ് പ്രിയങ്കയ്ക്കു തടസ്സം. റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരുന്ന രീതിയാണ് ബിജെപി ഇപ്പോള്‍ സ്വീകരിക്കുന്നത്. പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷയായാല്‍ ഇതിന് ശക്തികൂടുമെന്ന ആശങ്ക കോണ്‍ഗ്രസ്സിനുണ്ട്. രാഹുല്‍ അധ്യക്ഷനായാലും സുപ്രധാന പദവിയില്‍ ഉപദേശകയുടെ റോളില്‍ സോണിയയും നേതൃത്വനിരയിലുണ്ടാവും.
രാഹുല്‍ അധ്യക്ഷനാവുന്നതോടെ നിലവില്‍ 10 ജന്‍പഥിലെ പാര്‍ട്ടി ആസ്ഥാനത്ത് സ്വാധീനമുള്ള സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേലടക്കമുള്ള പലരും തെറിച്ചേക്കും. ഇതിനുപുറമെ എഐസിസി ജനറല്‍ സെക്രട്ടറിമാരിലും സെക്രട്ടറിമാരിലും അഴിച്ചുപണിയുമുണ്ടാവും.
Next Story

RELATED STORIES

Share it