രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന: 36 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന പദ്ധതിയില്‍ 36 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. എന്നാല്‍, ഇതില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 11.7 ലക്ഷം ബിപിഎല്‍ കുടുംബങ്ങളെയാണ് കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത് സംസ്ഥാനം 32 ലക്ഷമായി ഉയര്‍ത്തി. വരുന്നവര്‍ഷം ഇത് 36 ആയി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ഒരു കുടുംബത്തില്‍ അഞ്ചു അംഗങ്ങള്‍വച്ച് കണക്കാക്കിയാല്‍ ഗുണഭോക്താക്കളുടെ എണ്ണം 1.8 കോടിയാവും. ഇത് സംസ്ഥാന ജനസഖ്യയുടെ 50 ശതമാനം വരും. സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രകളില്‍ ചിലത് പദ്ധതിയോട് നിസ്സഹകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരോട് പദ്ധതിയുടെ ഭാഗമാവാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികള്‍ സ്വമേധയാ തയ്യാറാവുകയാണ് വേണ്ടത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ല. ബോധപൂര്‍വം ഒരു ആശുപത്രിയേയും ഒഴിവാക്കിയിട്ടില്ല. സ്വകാര്യ ആശുപത്രികള്‍ ഉദ്ദേശിക്കുന്നത്ര മാര്‍ജിന്‍ പദ്ധതിയിലൂടെ ലഭ്യമാവുന്നില്ല. അമിതമായ ലാഭക്കൊതി കാരണമാണ് പല ആശുപത്രികളും പദ്ധതിയില്‍നിന്നു പിന്മാറുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ആശുപത്രികള്‍ക്കു നല്‍കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനികളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവയ്ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it