രാഷ്ട്രീയ പ്രതിസന്ധി; നേപ്പാള്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ചനടത്തി

കാഠ്മണ്ഡു: നേപ്പാളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഒലി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. മദേശികളുടെ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരുടെയും ടെലിഫോണ്‍ സംഭാഷണത്തില്‍ വിഷയമായത്. പ്രശ്‌നപരിഹാരത്തിന് എല്ലാവിധ പിന്തുണയും മോദി ഉറപ്പുനല്‍കിയതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മദേശികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി ഭരണഘടന ഭേദഗതിചെയ്യാന്‍ പാര്‍ലമെന്റ് തീരുമാനമെടുത്തതിനു പിന്നാലെയാണു രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഒലി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടത്. 20 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ ഒലിയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതായും നേപ്പാള്‍ അധികൃതര്‍ അറിയിച്ചു.
നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തിയിലെ റസൗള്‍-ബിര്‍ഗഞ്ച് ചെക്‌പോയിന്റില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ ലഘൂകരിക്കണമെന്നും ഒലി ആവശ്യപ്പെട്ടു. ഒലിയുടെ ആവശ്യം അംഗീകരിച്ച മോദി അതിര്‍ത്തിയിലെ വാണിജ്യ ചെക്‌പോയിന്റുകളില്‍ ഇന്ത്യ യാതൊരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it