രാഷ്ട്രീയ പ്രതിരോധം നഷ്ടപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടതോടെ സര്‍ക്കാരിന്റെ നില പരുങ്ങലില്‍. കോടതി ഇടപെടലോടെ രാഷ്ട്രീയ പ്രതിരോധവും പ്രതിച്ഛായയും നഷ്ടപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ഭാവി തുലാസിലായി. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവും. ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി നേടാനായില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്ഥിതി അതിദയനീയമാവും. കേസില്‍ എഫ്‌ഐആര്‍ അന്വേഷണം പൂര്‍ത്തിയാവട്ടെയെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെങ്കിലും ഇതേസാഹചര്യത്തില്‍ ധാര്‍മികതയുടെ പേരില്‍ കെ ബാബു മന്ത്രിസ്ഥാനം രാജിവച്ചതിനാല്‍ മുന്നോട്ടുള്ള യാത്ര ശുഭകരമാവില്ല.

ബാര്‍കോഴ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് കെ ബാബുവിനെതിരേ പരാമര്‍ശമുണ്ടാവുകയും കേസെടുക്കാന്‍ ഉത്തരവ് വരുകയും ചെയ്തത്. അതേതുടര്‍ന്നാണ് ബാബു രാജിവച്ചത്. ഈ സാഹചര്യത്തില്‍ ബാബുവിന്റെ ധാര്‍മികത മുഖ്യമന്ത്രിക്ക് ബാധകമല്ലേ എന്ന ചോദ്യത്തിന് മറുപടി പറയുക ഇനി ബുദ്ധിമുട്ടാവും. എന്നാല്‍, ബാബുവിനെതിരായ വിജിലന്‍സ് കോടതിയുടെ വിധി രണ്ടുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തത് യുഡിഎഫിനും അസാധാരണമായ പ്രതിസന്ധി നേരിടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയിലൂടെ നില ഭദ്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

അതേസമയം, വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെടലുണ്ടാവും. എഐസിസി നിര്‍വാഹക സമിതിയംഗം എ കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി സംസ്ഥാന നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഹൈക്കമാന്റ് നിലപാട്.
Next Story

RELATED STORIES

Share it