palakkad local

രാഷ്ട്രീയ പാര്‍ട്ടികളും ജില്ലാ ഭരണകൂടവും പ്രസ്താവനാ മാമാങ്കം നടത്തുന്നു

പാലക്കാട്: കനത്തമഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കനത്ത നാശനഷ്ടം. ഊരുകളില്‍ സൗജന്യ റേഷന്‍ പോലും ലഭ്യമല്ല. ഷോളയൂര്‍ പഞ്ചായത്തിലെ കുത്തനടി പ്രദേശത്ത് സര്‍ക്കാര്‍ കുത്തനടി പുഴയ്ക്കു കുറുകെ നിര്‍മിച്ച രണ്ടു കോണ്‍ക്രീറ്റ് പാലങ്ങള്‍ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പ്രദേശത്ത് വന്‍മലയിടിച്ചിലും ഉണ്ടായി. അഗളി-ഷോളയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ശിരുവാണിപ്പുഴക്കു കുറുകെ കുത്തനടിയിലേക്ക് പ്രദേശവാസികള്‍ നിര്‍മിച്ചിട്ടുള്ള അറുപത് മീറ്ററോളം നീളമുള്ള കൂറ്റന്‍തൂക്കുപാലവും അപകടാവസ്ഥയിലായി.

ഏഴു വീടുകളില്‍ ഒമ്പതുകുടുംബങ്ങളിലായി മുപ്പതുപേര്‍ ഇവിടെ പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്നു. മൂന്നുവശം ഫോറസ്റ്റും ഒരു ഭാഗം ശിരുവാണിപ്പുഴയും അതിരുകളാവുന്ന മുപ്പത്തിനാലര ഏക്കര്‍ പട്ടയ ഭൂമിയാണ് ഇവര്‍ക്കുള്ളത്. ഒരുവട്ടം ശിരുവാണിപ്പുഴയും രണ്ടുവട്ടം കുത്തനടി തോടും മുറിച്ചുകടന്നുവേണം ജനവാസകേന്ദ്രത്തിലെത്താന്‍. മഴവെള്ളപ്പാച്ചിലില്‍ പാലങ്ങള്‍ ഒഴുകിയതോടെ പ്രദേശവാസികള്‍ ഒറ്റപ്പെട്ടു.
സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളോ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥ വൃന്ദമോ ജില്ലാ പഞ്ചായത്തധികൃതരോ സ്ഥലം എംപിയോ എംഎല്‍എയൊ ഇതുവരെ പ്രദേശത്തെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയിട്ടില്ല. ദുരന്ത നിവാരണ സേനയോ അട്ടപ്പാടിയിലെ എന്‍ജിഒ സംഘടനകളോ യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടത്തിയില്ലെന്നാണറിയുന്നത്. സൗജന്യ റേഷന്‍ പോലും ലഭിക്കാതെ അട്ടപ്പാടിയിലെ ആദിവാസികള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ പ്രസ്താവന മാമാങ്കം നടത്തി തടിതപ്പുകയാണ് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും.
പലയിടത്തും കര്‍ഷകര്‍ സ്ഥാപിച്ചിരുന്ന മോട്ടറുകളും പൈപ്പുകളും നിരവധികൃഷികളും നശിച്ചു. അക്കരെ കടക്കാനാവാതെ വരികയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തതോടെ കര്‍ഷകര്‍ ദുരിതത്തിലാണ്.
കുത്തനടി പ്രദേശത്തെ കാര്‍ഷിക മേഖലയില്‍ ശക്തമായ നാശമാണുണ്ടായത്. നാളികേരവും 12 ടണ്ണിലധികം അടക്കയും ഉല്‍പാദിപ്പിക്കുന്നു ണ്ടെങ്കിലും അവ വിപണിയിലെത്തിക്കാന്‍ കഴിയാതെ വലയുകയാണ്. മാസങ്ങളായി വെട്ടിയിട്ടിരിക്കുന്ന നാളികേരം ഇപ്പോഴും തോട്ടങ്ങളില്‍തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.
ഒരാഴ്ചയായി പ്രദേശത്ത് മഴ തുടരുന്നു. ഇവിടേക്കുള്ള റോഡും ഇതുവരെ നന്നാക്കിയിട്ടില്ല. ശിരുവാണിപ്പുഴ മുറിച്ചുകടക്കാന്‍ മാര്‍ഗമില്ലാതിരുന്നതിനാല്‍ നാട്ടുകാര്‍ പതിനഞ്ചുകൊല്ലംമുമ്പ് പിരിവെടുത്താണ് കൂറ്റന്‍തൂക്കുപാലം നിര്‍മിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മുപ്പത് അടിയിലധികം ഉയരമുള്ള തൂക്കുപാലം ആടികൊണ്ടിരിക്കുന്നതും അപകടകരമാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരും അപകടംനിറഞ്ഞ ഈ പാലത്തിലൂടെയാണ് യാത്രചെയ്യുന്നത്.
കുത്തനടിയിലെ ദുരിതം കാണാന്‍ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. കുത്തനടിയിലും മൂച്ചിക്കടവ് പ്രദേശത്തുമുണ്ടായ മലയിടിച്ചിലില്‍ നൂറ് ചന്ദനമരങ്ങളെങ്കിലും ഒഴുകിപ്പോയതായി വനം അധികൃതര്‍ പറയുന്നു. ചന്ദന സംരക്ഷിതമേഖലയായ കുത്തനടിയിലും മൂച്ചിക്കടവിലുമായി അഞ്ചോളം സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട കനത്തമഴ മേഖലയില്‍ വന്‍ നാശമാണ് വിതച്ചത്.
Next Story

RELATED STORIES

Share it