രാഷ്ട്രീയ നിരീക്ഷകരുമായി ചര്‍ച്ച നടത്താന്‍ മോഹന്‍ ഭാഗവത്

കൊച്ചി: എസ്എന്‍ഡിപിയുമായി കൂട്ടു ചേര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നേതൃത്വം സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകരും അഭിഭാഷകരുമായി പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ആണ് രാഷ്ട്രീയ നിരീക്ഷകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമടക്കം 10ഓളം പേരുമായി ഈ മാസം 30ന് കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തുന്നത്.
സിപിഐയുടെ അഭിഭാഷക യൂനിയന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍, അഡ്വ. കാളീശ്വരം രാജ്, അഡ്വ. ശിവന്‍ മഠത്തില്‍, വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു എന്നിവരടക്കം വിവിധ മേഖലകളിലെ പ്രമുഖരെയാണ് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്താന്‍ ആര്‍എസ്എസ് നേതൃത്വം ക്ഷണിച്ചിരിക്കുന്നത്. സംഘ പരിവാര സംഘടനകളുമായി അകലം പാലിച്ചു നില്‍ക്കുന്ന വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവരുമായി ചര്‍ച്ച നടത്തി അതുവഴി ഇവര്‍ക്ക് സംഘടനയുമായുള്ള അകലം കുറയ്ക്കുകയെന്നതാണ് കൂടിക്കാഴ്ചയിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മോഹന്‍ ഭാഗവത് കൊച്ചിയില്‍ എത്തുന്നത്. ഈ മാസം 29ന് ആലുവ തന്ത്രപീഠ വിദ്യാലയത്തില്‍ മാത്രമാണ് ഇദ്ദേഹത്തിന് ഒദ്യോഗിക പരിപാടിയുളളത് 30ന് രാവിലെ മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു പറഞ്ഞു.
തനിക്ക് പറയാനുള്ള കാര്യം കൃത്യമായി മോഹന്‍ ഭാഗവതിന് എഴുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമം നടത്തി വരികയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നലെ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യത്തില്‍ മല്‍സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച നടത്തിയത്.
ഇതിന്റെ പിന്നാലെയാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും എത്തുന്നത്. കേരളത്തില്‍ വേരുറപ്പിക്കണമെന്ന ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മോഹന്‍ ഭാഗവതിന്റെ കൂടിക്കാഴ്ചയെന്നാണ് സൂചന.
Next Story

RELATED STORIES

Share it