Middlepiece

രാഷ്ട്രീയ കൊലകളുടെ ബ്രാന്‍ഡ് അംബാസഡര്‍

രാഷ്ട്രീയ കൊലകളുടെ ബ്രാന്‍ഡ് അംബാസഡര്‍
X
slug-madhyamargamഒരുപാട് സമയം കിട്ടി എന്നുള്ളതാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. ഒന്നൊന്നര മാസമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആണ്ട് മുങ്ങിയിരിക്കുകയാണ്. പുറത്തെ അസാധാരണമായ ചൂട് ഒരു പ്രശ്‌നമേ അല്ലാത്ത വിധത്തിലാണു കാര്യങ്ങള്‍ മുമ്പോട്ടു നീങ്ങുന്നത്. മൂന്നു മുന്നണികളും മറ്റു കക്ഷികളും സ്വതന്ത്രന്മാരും അണിനിരക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഗാന്ധിയന്‍ മട്ടിലാണു നടന്നുവരുന്നത്. ഉല്‍സവപ്പറമ്പില്‍ വെടിയും വെടിക്കെട്ടപകടങ്ങളും ഉണ്ടായതൊഴിച്ചാല്‍ ഇക്കാലയളവില്‍ വേറെ അനിഷ്ടസംഭവങ്ങള്‍ നടന്നിട്ടില്ല. എവിടെ തിരിഞ്ഞാലും സമാധാനം. ഒന്നരമാസമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു രാഷ്ട്രീയ കൊലപാതകം പോലും നടന്നിട്ടില്ല. രാഷ്ട്രീയ കൊലപാതകത്തിനുള്ള ക്രിമിനല്‍ ഗൂഢാലോചന നടന്നതായി ഇന്റലിജന്‍സ് വിഭാഗത്തിനു വിവരം കിട്ടിയിട്ടില്ല! കുത്ത്, കത്തിക്കുത്ത്, അടി ഇടി ഈവക പതിവ് ചടങ്ങുകളൊന്നും ഇതുവരെ നടന്നിട്ടില്ല. എന്തിനു പറയുന്നു വെറുതെ കൈകൊണ്ടുള്ള ഒരു അടിപോലും എവിടെയും ഉണ്ടായതായി റിപോര്‍ട്ടില്ല. വാക്കേറ്റവും കാര്യമായി നടക്കുന്നില്ല. ഇത് എന്തു പറ്റി എന്ന് എല്ലാവരും മൂക്കത്തു വിരല്‍ വച്ചു ചോദിക്കുകയാണ്. പോലിസുകാരാണെങ്കില്‍ ഒരു പണിയുമില്ലാതെ വെറുതെയിരുന്നു മടുത്തു. മാധ്യമങ്ങളിലെ ക്രിമിനല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്ത റിപോര്‍ട്ടര്‍മാര്‍ ഇവിടം വിട്ടു കഴിഞ്ഞു. മലയാളികളെ ഇത്രയ്ക്കു സമാധാനപ്രിയരായി കണ്ട കാലമില്ലെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
ഇങ്ങനെ അടിമുടി സമാധാനത്തില്‍ മുമ്പോട്ടു നീങ്ങുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ഇങ്ങനെ പോയാല്‍ തന്റെ പദവിയും പത്രാസും നഷ്ടപ്പെട്ടു പോവില്ലേ? കഞ്ഞികുടി നിന്നു പോവില്ലേ? രാഷ്ട്രീയത്തില്‍ പിന്നെ തനിക്ക് എന്തു വില? കൊടി സുനിയും ട്രൗസര്‍ മനോജും കുഞ്ഞനന്തനും ജയിലില്‍ കിടക്കുന്നതു വേറെ കാര്യം. ബാക്കി എത്ര എണ്ണംപറഞ്ഞ കൈക്കരുത്തുള്ളവര്‍ പുറത്തു കിടക്കുന്നു. തോക്ക് പരിശീലനം നേടിയവരില്ലേ? ബോംബ് നിര്‍മിക്കാന്‍ പരിശീലനം കിട്ടിയവരില്ലേ? ഒന്നല്ല അറുപത്തി ഒന്നും അതിനു മുകളിലും വെട്ടാന്‍ ചങ്കുറപ്പുള്ള എത്രയെത്ര വിപ്ലവകാരികള്‍ കൂട്ടത്തിലില്ലേ? ഇങ്ങനെ പോയാല്‍ ഇവര്‍ക്കൊക്കെ പണിയില്ലാതാവില്ലേ? ബ്രാന്‍ഡ് അംബാസഡര്‍ കിടന്നു വിയര്‍ത്തു.
രണ്ടു കൊലക്കേസുകളില്‍ സിബിഐ പ്രതിയാക്കിയിട്ടുണ്ട്. അതു ബിജെപി-കോണ്‍ഗ്രസ് അവിഹിത ബന്ധത്തിന്റെ പേരില്‍ ഉണ്ടായ കള്ളക്കേസുകളാണ്. അതൊക്കെ ജനങ്ങള്‍ക്ക് അറിവുള്ളതാണെന്ന് അംബാസഡര്‍ക്കു മനസ്സിലാവുന്നുണ്ട്. കോടതിയുടെ കനിവു കൊണ്ട് സ്വന്തം ജില്ലയായ കണ്ണൂരില്‍ പ്രവേശിക്കാന്‍ നിവൃത്തിയില്ല. തൊട്ടടുത്ത ജില്ലയായ കോഴിക്കോട് വടകരയില്‍ മുന്‍ എംപിയായ സഹോദരിയുടെ വീട്ടിലാണു താമസം. കേസുകളും ചോദ്യം ചെയ്യലും വരുമ്പോള്‍ ശരീരത്തില്‍ പല മാതിരി അസുഖങ്ങള്‍ കയറി വരുന്നതിനാല്‍ പലതരത്തിലുള്ള ചികില്‍സകളും അനിവാര്യമാവുന്നു. അലോപ്പതി ചികില്‍സയോടൊപ്പം ആയുര്‍വേദ ചികില്‍സയും നടത്തുന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് മുതല്‍ തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കല്‍ കോളജ് വരെ അദ്ദേഹത്തിന്റെ ചികില്‍സാ കേന്ദ്രങ്ങളാണ്. എല്ലാ ജില്ലയിലും സിബിഐയുടെ ഓഫിസും കോടതിയും പോലിസും ജയിലും ആശുപത്രികളും പാര്‍ട്ടി ഓഫിസും സഖാക്കളും ഉള്ളതിനാല്‍ പോക്കു വരവുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. ജയിലും ചികില്‍സയുമായി കഴിയാന്‍ വിധിക്കപ്പെട്ടപ്പോള്‍ അംബാസഡര്‍ ആകെ ഒന്നുമാറി. നാടന്‍ വേഷമായ മുണ്ട് തീരെ ഒഴിവാക്കി. അംബാസഡറാവുമ്പോള്‍ അല്‍പം നിലയും ഗമയും ഒക്കെ വേണ്ടതല്ലേ! സില്‍ക്ക് ഷര്‍ട്ടും പാന്റ്‌സും സ്ഥിരം വേഷമാക്കി. പിന്നെ അംബാസഡര്‍ പരിവാര സമേതനായി തലസ്ഥാനത്തേക്കു നീങ്ങി. ആദ്യത്തെ വിപ്ലവ പ്രസംഗം തന്നെ ഗംഭീരമായി. കിട്ടിയ കടമെല്ലാം വീട്ടാനുള്ള ആഹ്വാനം. വര്‍ത്തമാനം ലെനിനിസ്റ്റ് സംഘടനാ രീതിയിലായതിനാല്‍ പൊതുജനങ്ങള്‍ക്കു പെട്ടെന്നു മനസ്സിലായില്ല. സഖാക്കള്‍ക്കു വേഗം കാര്യം പിടികിട്ടി.
പ്രസംഗം കഴിഞ്ഞു പിറ്റേ ദിവസം നാദാപുരത്ത് ബോംബ് പൊട്ടി. മൂന്നുപേര്‍ക്കു ഗുരുതരമായ പരിക്ക്. ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് അപകടം. അംബാസഡര്‍ സജീവമായി രംഗത്തിറങ്ങിയതിന്റെ സൂചനകളാണ് ഇതെല്ലാം. വ്യാപകമായ അക്രമങ്ങളുടെ തിരക്കഥകള്‍ അണിയറയില്‍ പൂര്‍ത്തിയായിട്ടുണ്ടാവും. സമാധാനം കാംഷിക്കുന്ന ജനങ്ങള്‍ ഇരട്ട ജാഗ്രത പാലിക്കേണ്ടിവരും.
Next Story

RELATED STORIES

Share it