ernakulam local

രാഷ്ട്രീയ അജണ്ടകളാണ്: എംപി അബ്ദുസമദ് സമദാനി

പെരുമ്പാവൂര്‍: ലോകത്ത് കണ്ടുവരുന്ന വര്‍ഗീയതക്കും ഭീകരതയ്ക്കും പിന്നില്‍ രാഷ്ട്രീയ അജണ്ടകളാണ് നിലകൊള്ളുന്നതെന്ന് എംപി അബ്ദുസമദ് സമദാനി. ഭീകര പ്രസ്ഥാനങ്ങള്‍ മതസ്പര്‍ദ്ദ ഇളക്കിവിടുമ്പോള്‍ അതിന് പിന്നില്‍ രാഷ്ട്രീയ കളികളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ടന്തറ റഷീദിയ്യ അക്കാദമിയുടെ മൂന്നാം വാര്‍ഷികവും സനദ്ദാന സമ്മേളനവും ഇസ്‌ലാം മാനവികതയുടെ സന്ദേശം എന്ന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദം എന്നത് മിഥ്യയാണ്. അത് രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴാണ് അസഹിഷ്ണുത ഉണ്ടാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മതങ്ങളിലും കാണാന്‍ സാധിക്കുന്ന അടിസ്ഥാന ഭാവമാണ് മാനവികത. മനുഷ്യത്വത്തെ കുറിച്ചുള്ള പാഠങ്ങളാണ് എല്ലാ മതങ്ങളും മുന്നോട്ട് വയ്‌ക്കേണ്ടത്. ഇസ്‌ലാം എന്നാല്‍ സമാധാനം, സമര്‍പണം എന്നീ രണ്ട് അര്‍ത്ഥങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യബന്ധങ്ങളാണ് മതം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂല്യബോധമില്ലാത്ത ആരോടും കടമയോ കടപ്പാടോ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ അക്രമങ്ങള്‍ പെരുകുകയാണെന്നും സമദാനി പറഞ്ഞു. ഗാന്ധിജി ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതരവാദിയായിരുന്നു. മതവിശ്വാസി തന്നെയാണ് മതേതരവാദി. ഭീകരവാദികള്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഒരു മതത്തിന്റേയും പേരില്‍ ചേര്‍ക്കരുത്. അവര്‍ മതത്തെ കുറിച്ച് പഠിക്കാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം സ്പിന്നിങ്മില്‍ ചെയര്‍മാന്‍ എംപി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, സാജു പോള്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സുവനീര്‍ പ്രകാശനം കെപിസിസി സെക്രട്ടറി റ്റി എം സക്കീര്‍ ഹുസൈന്‍, സ്വാഗതസംഘം കണ്‍വീനര്‍ സുബൈര്‍ മുണ്ടയ്ക്കലിന് നല്‍കി നിര്‍വഹിച്ചു.
കണ്ടന്തറ ഹിദായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ മാനേജര്‍ വി എച്ച് മുഹമ്മദ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷമീര്‍, റഷീദിയ്യ അക്കാദമി ഇന്‍സ്ട്രക്ടര്‍ അജാസ് മാസ്റ്റര്‍ സംസാരിച്ചു. വൈകീട്ട് ഏഴിന് ജീവിത വിശുദ്ധി എന്ന വിഷയത്തില്‍ തണ്ടേക്കാട് ജമാഅത്ത് ഇമാം മുനീര്‍ ഹുദവി പ്രഭാഷണം നടത്തി.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാറില്‍ ഹജ്ജ് പഠന ക്ലാസ്, സാഹിത്യ വിരുന്ന്, ന്യൂനപക്ഷത്തിന്റെ കര്‍മശാസ്ത്രം, സനദ്ദാന സമ്മേളനം, മതപ്രഭാഷണം എന്നിവയും നടക്കും.
Next Story

RELATED STORIES

Share it