രാഷ്ട്രീയ അക്രമം: ഇന്‍ഷുറന്‍സ് എടുക്കാന്‍ ആഹ്വാനം

രാഷ്ട്രീയ അക്രമം: ഇന്‍ഷുറന്‍സ് എടുക്കാന്‍ ആഹ്വാനം
X
election-infocus

ഗുവാഹത്തി: രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം പ്രവര്‍ത്തകര്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് നേതാവിന്റെ ആഹ്വാനം. അഖിലേന്ത്യാ ഐക്യജനാധിപത്യ മുന്നണി (എഐയുഡിഎഫ്) എംപി സിറാജുദ്ദീന്‍ അജ്മലാണ് വ്യത്യസ്തമായ ആവശ്യം ഉന്നയിച്ചത്. വിവാദ പ്രസ്താവനയില്‍ ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും തങ്ങള്‍ക്കെതിരായ ഒളിയമ്പായാണ് കോണ്‍ഗ്രസ്സും ബിജെപിയും ഇതിനെ കാണുന്നത്. എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മലിന്റെ സഹോദരനാണ് സിറാജുദ്ദീന്‍.
നാഗാവ് ജില്ലയിലെ ഹോജായ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സിറാജുദ്ദീന്‍. മുന്‍ തിരഞ്ഞെടുപ്പുകളിലെ അനുഭവങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം ഇന്‍ഷുറന്‍സിലേക്കെത്തിയത്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ പ്രവര്‍ത്തകരെ സിറാജുദ്ദീന്‍ അനുസ്മരിച്ചു. അപകട ഇന്‍ഷുറന്‍സ് എല്ലാവരും എടുക്കണം. കുറഞ്ഞ പ്രീമിയത്തില്‍ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സുകളുണ്ട്. പരിക്കേറ്റാല്‍ 2 ലക്ഷവും മരിച്ചാല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചും അദ്ദേഹം വാചാലനായി.
അതേസമയം, പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ
പ്രകടനം നടത്തി. രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിച്ച സിറാജുദ്ദീന്‍ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് വിരുദ്ധമായതും അസഹിഷ്ണുത നിറഞ്ഞതുമായ വാക്കുകള്‍ പിന്‍വലിച്ച് സിറാജുദ്ദീന്‍ മാപ്പ് പറയണമെന്ന് നാവോബോയ്ച മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാവ് ചാംപാക് കാലിത പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടി നേതാവിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് എഐയുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it