രാഷ്ട്രീയഭാവി ഇരുളടയുന്നു; നിര്‍ണായക ജെഎസ്എസ് യോഗം ഇന്ന്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നല്‍കാതെ സിപിഎം നിലപാട് സ്വീകരിച്ചതിന് ശേഷം ജെഎസ്എസിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന പ്രധാനയോഗം ഇന്ന് ആലപ്പുഴയില്‍ നടക്കും. എന്‍ഡിഎ സഖ്യകക്ഷിയാവുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും.
സിപിഎം സീറ്റ് നിഷേധിച്ചതിനെതിരേ ഗൗരിയമ്മ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സിപിഎം വഞ്ചിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ പോലും താന്‍ ഇത്രയധികം വേദനിച്ചിട്ടില്ലെന്ന് അവര്‍ പറയുകയുണ്ടായി.
അതേസമയം, എല്‍ഡിഎഫ് തഴഞ്ഞതിനു പിന്നാലെ എന്‍ഡിഎയില്‍ ചേരാന്‍ ദൂതുമായി ജെഎസ്എസ് വിഭാഗം നേതാവ് എ എന്‍ രാജന്‍ ബാബു ഗൗരിയമ്മയെ സമീപിച്ചിരുന്നു. ബിജെപിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നതായും ഗൗരിയമ്മ വ്യക്തമാക്കി.
ബിജെപിയുടെ വര്‍ഗീയതയെയാണ് താന്‍ എതിര്‍ക്കുന്നത്. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ട്. ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം സീറ്റുകള്‍ വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. മറ്റ് പല പാര്‍ട്ടികളെയും പരിഗണിച്ച സിപിഎം ഗൗരിയമ്മയുടെ ജെഎസ്എസിനെ തഴയുകയായിരുന്നു. അതേസമയം, ഇന്ന് ഗൗരിയമ്മയുടെ അധ്യക്ഷതയില്‍ ജെഎസ്എസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെടുക്കുന്ന നിലപാട് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാവും. അനുനയശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം തോമസ് ഐസക് എംഎല്‍എ ഗൗരിയമ്മയെ സന്ദര്‍ശിക്കുകയുണ്ടായി. ഗൗരിയമ്മയോടൊപ്പമുള്ളവര്‍ക്ക് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നും വാഗ്ദാനം നല്‍കുകയുണ്ടായി. ജില്ലയിലെ ചില നേതാക്കളെ മാത്രം വിശ്വാസത്തിലെടുത്ത്, സംസ്ഥാന നേതൃത്വം നടത്തിയ നീക്കത്തിനു വേണ്ടത്ര മുന്നൊരുക്കമില്ലായിരുന്നുവെന്നാണ് ഔദ്യോഗികപക്ഷത്തെ ഒരു വിഭാഗവും ഐസക് ചേരിയും ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it