രാഷ്ട്രീയത്തില്‍'സര്‍' പദവിയുള്ള മാണി സാര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സര്‍ പദവിയുള്ള ആദ്യത്തേയും ഒരുപക്ഷേ അവസാനത്തേയും രാഷ്ട്രീയ നേതാവായിരിക്കും കെ എം മാണി എന്ന മാണി സാര്‍. മുഖ്യമന്ത്രിയായാലും പ്രതിപക്ഷ നേതാവായാലും കക്ഷി ഭേദമില്ലാതെ ഏവര്‍ക്കും അദ്ദേഹം മാണി സാറായിരുന്നു. പാലാ മെമ്പര്‍ എന്ന് വിളിച്ചിരുന്ന നിത്യശത്രുവായ പി സി ജോര്‍ജ് പോലും അദ്ദേഹത്തെ മാണി സാര്‍ എന്ന് പിന്നീട് വിളിച്ചു. എന്തിന് രാഷ്ട്രപതിയായിരുന്ന അന്തരിച്ച കെ ആര്‍ നാരായണന്‍ പോലും മാണി സാര്‍ എന്നാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും മുദ്രവീണ ആ സ്ഥാനപ്പേരിന് മാത്രമല്ല, 50 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ നേടിയെടുത്ത പ്രതിച്ഛായ തന്നെയാണ് സായം കാലത്ത് ബിജുരമേശ് തുറന്നുവിട്ട കോഴ ആരോപണത്തില്‍ തെറിച്ചത്.
സര്‍ വിളി എങ്ങനെ വന്നുവെന്ന് അന്വേഷിച്ചാല്‍ അതിലുമുണ്ട് ഒരു മാണി ടച്ച്. കാര്യസാധ്യത്തിന് ആര് ചെന്നാലും അദ്ദേഹം ചോദിക്കുക, എന്തുകാര്യമാണ് ഈ മാണിസാര്‍ ചെയ്ത് തരേണ്ടത് എന്നാണ്. അങ്ങനെ ആളുകളെക്കൊണ്ട് വിളിപ്പിച്ച് വിളിപ്പിച്ച് സാര്‍ പദവി മാണിയോടൊപ്പം ചേര്‍ന്നു.
അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ തന്റെ വരവ് പ്രഖ്യാപിച്ച നേതാവിനാണ് അഴിമതിക്കേസില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. 1965ലാണ് കന്നി എംഎല്‍എയായി മാണി നിയസഭയിലെത്തിയത്. പ്രതിപക്ഷത്ത് അന്ന് കറുത്ത സ്യൂട്ട് കെയ്‌സുമായി എത്തിയിരുന്ന യുവാവ് ഭരണകക്ഷിക്ക് എന്നും ഭീഷണിയായിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന ബി വെല്ലിങ്ടണെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് മാണി ശ്രദ്ധാ കേന്ദ്രമാവുന്നത്. ആരോപണം ഉന്നയിക്കുക മാത്രമല്ല അത് അന്വേഷിക്കാന്‍ നിയുക്തമായ വേലുപ്പിള്ള കമ്മീഷന്റെ മുന്നില്‍ കറുത്ത ഗൗണിട്ട് ഒരു അഭിഭാഷകനായി അദ്ദേഹം അവതരിച്ചു. സാക്ഷി മൊഴികളും രേഖകളും കൊണ്ട് ആരോപണം തെളിയിച്ചിട്ടേ മാണി അടങ്ങിയുള്ളൂ. 50 വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ ഒരു ബാര്‍ മുതലാളിയുടെ മൊഴിയില്‍ മാണിക്ക് നഷ്ടപ്പെട്ടത് മന്ത്രിപദവി മാത്രമല്ല ഇത്രയും കാലത്തിനിടെ നേടിയെടുത്ത സല്‍പേര് കൂടിയാണ്.
Next Story

RELATED STORIES

Share it