Readers edit

രാഷ്ട്രീയത്തിലെ ചില തൊട്ടുകൂടായ്മകള്‍

രാഷ്ട്രീയത്തിലെ ചില തൊട്ടുകൂടായ്മകള്‍
X
slug-enikku-thonnunnathuഎം എച്ച് ഷിഹാസ്, ഈരാറ്റുപേട്ട

നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നു. എല്ലാ രാഷ്ട്രീയകേന്ദ്രങ്ങളിലും സീറ്റിനും സ്ഥാനാര്‍ഥിനിര്‍ണയത്തിനുമുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചുതുടങ്ങി. ഈ അവസരത്തില്‍ മതേതര രാഷ്ട്രീയത്തിലെ ചില തൊട്ടുകൂടായ്മകളെക്കുറിച്ചു പറയാതെ വയ്യ. വിജയസാധ്യതയാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ അടിസ്ഥാനമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വിവിധ മതവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ എല്ലാ കക്ഷികളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണു വസ്തുത.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ മുസ്‌ലിം വിഭാഗത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നുവരുന്നുണ്ട്. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണിയെയും കണ്ട് ചില മുസ്‌ലിം നേതാക്കള്‍ ഇതു തുറന്നുപറയുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗിന് സീറ്റ് നല്‍കുന്നുവെന്ന പേരില്‍ തങ്ങളെ തഴയുന്നുവെന്നായിരുന്നു അവരുടെ ആരോപണം. സമുദായം തിരിച്ച് കോണ്‍ഗ്രസ് അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കണക്കെടുത്താല്‍ 30 ശതമാനത്തോളം വരുമെന്നും അതിനാല്‍ നിലവില്‍ നല്‍കുന്ന സീറ്റ് വളരെ പരിമിതമാണെന്നും നേതാക്കള്‍ പറയുന്നു. യഥാര്‍ഥത്തില്‍ അവര്‍ ഉന്നയിച്ചത് സത്യം തന്നെയെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാവും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 82 നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മല്‍സരിച്ചപ്പോള്‍ 10 സീറ്റിലാണ് മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയത്. 55 മണ്ഡലങ്ങളില്‍ ഹിന്ദു മതക്കാരായവരെ സ്ഥാനാര്‍ഥികളാക്കിയപ്പോള്‍ 17 സീറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കും നല്‍കി. 2006ലും 10 സീറ്റാണ് കോണ്‍ഗ്രസ് മുസ്‌ലിം വിഭാഗത്തിനായി മാറ്റിവച്ചത്. 2001ല്‍ ഒമ്പത് മുസ്‌ലിം നേതാക്കള്‍ക്കു മാത്രമേ സീറ്റ് ലഭിച്ചുള്ളൂ. നായര്‍ സമുദായവും ക്രിസ്ത്യന്‍ സമൂഹവും കോണ്‍ഗ്രസ് പട്ടികയില്‍ അര്‍ഹിക്കുന്നതിലധികം നേടിയെടുത്തപ്പോള്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുന്നതിന്റെ പകുതിപോലും ലഭിച്ചില്ല.
ലീഗ് ഉള്ളതുകൊണ്ടാണ് മുസ്‌ലിംകള്‍ക്ക് സ്ഥാനങ്ങള്‍ നല്‍കാത്തതെന്ന് നേതൃത്വം പറയുന്നുവെങ്കിലും യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ഉള്ളതിന്റെ പേരില്‍ കോണ്‍ഗ്രസ്സിലെ ക്രിസ്ത്യാനികള്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടാതിരിക്കുന്നില്ല. നിയമനിര്‍മാണസഭകളില്‍ മാത്രമല്ല, പാര്‍ട്ടിപദവികളില്‍പ്പോലും കോണ്‍ഗ്രസ്സില്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മൂന്ന് ജില്ലയൊഴികെ എല്ലാ ജില്ലകളിലും മുസ്‌ലിംകള്‍ കൂടുതലുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. എന്നിട്ടും 40 വര്‍ഷമായി മുസ്‌ലിംകള്‍ക്ക് ഗവര്‍ണര്‍, അംബാസഡര്‍, കേന്ദ്രമന്ത്രിസ്ഥാനം, കെപിസിസി പ്രസിഡന്റ് പദവി, യുഡിഎഫ് കണ്‍വീനര്‍ പദവി, മുഖ്യമന്ത്രിസ്ഥാനം തുടങ്ങിയവ നല്‍കിയിട്ടേയില്ല. കഴിഞ്ഞ പ്രാവശ്യം കോര്‍പറേഷന്‍, ബോര്‍ഡുകള്‍ പങ്കുവച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചതും നാമമാത്രമായിരുന്നു.
മുസ്‌ലിംകളെ അവഗണിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് വ്യത്യാസമില്ല. ജാതിമത സമവാക്യങ്ങള്‍ക്ക് ഞങ്ങള്‍ എതിരാണെന്നു പറയുന്ന സിപിഎമ്മിന്റെ ചില വികൃതികളും രസകരമാണ്. എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഏക മുസ്‌ലിം പാര്‍ട്ടിയാണ് ഐഎന്‍എല്‍. 22 വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട കാലം മുതല്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന കക്ഷിയാണ് അവര്‍. എന്നിട്ടും ഇന്നുവരെ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് തയ്യാറാവുന്നില്ല. എന്നാല്‍, ക്രിസ്തീയ സമുദായത്തെ പ്രതിനിധീകരിക്കുന്ന കേരളാ കോണ്‍ഗ്രസ്സിന് എല്‍ഡിഎഫില്‍ സ്ഥാനം നല്‍കുകയും ചെയ്യുന്നു. ബിജെപി നിയന്ത്രണത്തിലുള്ള എന്‍ഡിഎ കക്ഷിയായി വിജയിച്ച പി സി തോമസ് മുമ്പ് പാര്‍ട്ടി വിട്ടുവന്നപ്പോള്‍ അദ്ദേഹത്തിന്റെ പശ്ചാത്തലമൊന്നും നോക്കാതെ ദ്രുതഗതിയില്‍ മുന്നണിയില്‍ പ്രവേശനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it