Middlepiece

രാഷ്ട്രപതിയില്‍ നിന്ന് ഒരു പുസ്തകം

രാഷ്ട്രപതിയില്‍ നിന്ന് ഒരു പുസ്തകം
X
slug--indraprasthamബംഗാളി ഭദ്രലോകിന്റെ ഒന്നാന്തരം പ്രതിനിധിയാണ് നമ്മുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പരമപണ്ഡിതന്‍, തികഞ്ഞ വാഗ്മി, ധിഷണശാലിയായ രാഷ്ട്രീയതന്ത്രജ്ഞന്‍... അങ്ങനെ പലതുമാണ് പ്രണബ് ദാ. അദ്ദേഹത്തിന്റെ പൊതുജീവിതം വളരെ ദീര്‍ഘമാണ്. ഇപ്പോള്‍ രാഷ്ട്രപതിഭവനില്‍ പൊതുജീവിതത്തിന്റെ സായാഹ്നകാലത്ത് എത്തിനില്‍ക്കുകയാണെങ്കിലും പ്രണബ് ബാബുവിന്റെ പ്രവര്‍ത്തനങ്ങളിലോ ഊര്‍ജത്തിലോ യാതൊരു കുറവുമില്ല. പ്രായമേറെയായാലും അദ്ദേഹം യൗവനത്തിലെ പോലെ തന്നെ സദാ പ്രസന്നനാണ്; കര്‍മനിരതനും.
നിരീക്ഷകന്‍ ഒരു പതിറ്റാണ്ടുമുമ്പ് ബിഡി മാര്‍ഗിലെ എംപിമാരുടെ ഫഌറ്റില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി കഴിഞ്ഞുകൂടിയ ഒരു കാലമുണ്ടായിരുന്നു. പത്രപ്രവര്‍ത്തകനായി തലസ്ഥാനത്തു വന്ന കാലത്ത് രാത്രി കിടന്നുറങ്ങാന്‍ ഒരിടം വേണം. അതിന് എംപിമാരുടെ ഒഴിഞ്ഞുകിടക്കുന്ന ഫഌറ്റുകള്‍ ധാരാളം. വല്ലപ്പോഴും നാട്ടില്‍നിന്ന് ആളുകള്‍ വരും. അവരുമായി കുശലം പറയും; അല്‍പസ്വല്‍പം അന്നപാനീയങ്ങള്‍ അവരുടെ ചെലവില്‍ നടന്നുകിട്ടുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശമ്പളം കമ്മിയാണെങ്കിലും ജീവിതം പരമാനന്ദം.
അതിനാല്‍, രാവിലെ എഴുന്നേറ്റു നടക്കാന്‍ പോവും. രാഷ്ട്രപതിഭവനിലേക്കു തിരിയുന്നിടത്താണ് അക്കാലത്ത് പ്രണബ് ബാബുവിന്റെ താമസം. നടക്കാനിറങ്ങിയാല്‍ നിത്യവും കാണുന്നത് ഒരു ബാറ്റണ്‍ വടിയും പിടിച്ച് മുറിക്കാലുറയും ബനിയനുമായി പ്രണബ് ബാബു വലിഞ്ഞുമുറുകി നടക്കുന്നതാണ്. കൂടെ രണ്ടു പോലിസുകാരും കാണും. അദ്ദേഹം അരമുക്കാല്‍ മണിക്കൂര്‍ അങ്ങനെ പൊതുനിരത്തില്‍ ഇറങ്ങി നടക്കും.
നിരന്തരമായ വായനയും പഠനവും ഒക്കെ പ്രണബ് ബാബുവിന്റെ പ്രത്യേകതകളാണ്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വത്തിന്റെ ഏറ്റവും വേണ്ടപ്പെട്ടയാളാണ്. സര്‍ക്കാരില്‍ പല പദവികള്‍ വഹിച്ചു. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന കാബിനറ്റ് കമ്മിറ്റികളാണ് കോണ്‍ഗ്രസ് ഭരണകാലത്തെ അധികാര വിനിയോഗത്തിന്റെ മുഖ്യ മുഖമുദ്ര. തീരുമാനങ്ങള്‍ മിക്കതും അവിടെയാണ് എടുക്കുന്നത്. അതുകഴിഞ്ഞാണ് സംഗതി കാബിനറ്റില്‍ എത്തുന്നത്. പ്രധാനപ്പെട്ട എല്ലാ കമ്മിറ്റികളുടെയും അധ്യക്ഷന്‍ പ്രണബ് ബാബുവായിരുന്നു. ഒരിക്കലും പ്രധാനമന്ത്രി ആയില്ലെങ്കിലും പ്രധാനമന്ത്രി കൈകാര്യം ചെയ്ത അത്രയുമോ അതിലുമധികമോ അധികാരം അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയാവണമെന്നത് വലിയ ആഗ്രഹമായിരുന്നു. 2004ല്‍ വാജ്‌പേയി സര്‍ക്കാരിനെ വീഴ്ത്തി കോണ്‍ഗ്രസ് തിരിച്ചുവരവു നടത്തിയപ്പോള്‍ സോണിയാഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. അന്ന് എല്ലാവരും കരുതിയത് നറുക്കുവീഴുക പ്രണബ് ബാബുവിനായിരിക്കും എന്നാണ്. കാരണം, കോണ്‍ഗ്രസ്സിലെ ഏറ്റവും തലമുതിര്‍ന്ന നേതാവ് അദ്ദേഹമായിരുന്നു. എല്ലാ വിഭാഗക്കാര്‍ക്കും സ്വീകാര്യനും. യുപിഎ മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കിയ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഏറ്റവും സ്വീകാര്യനും. കാരണം, കമ്മ്യൂണിസ്റ്റ് എംപിമാരില്‍ മഹാഭൂരിപക്ഷം ബംഗാളില്‍നിന്നായിരുന്നു. ബംഗാളികള്‍ക്ക് തങ്ങളുടെ ആള്‍ ഏതു പാര്‍ട്ടിക്കാരനായാലും പ്രധാനമന്ത്രിയായാല്‍ മതിയെന്ന ചിന്തയും. ഏതാനും വര്‍ഷം മുമ്പ് ജ്യോതിബസുവിന് ചാന്‍സ് ഒത്തുവന്നതാണ്. അന്നു സ്വന്തം പാര്‍ട്ടി തന്നെ തട്ടിയകറ്റി. പിന്നത്തെ ചാന്‍സ് പ്രണബ് ബാബുവിന് എന്നു കരുതിയെങ്കിലും അതു തട്ടിയകറ്റിയത് സോണിയാമ്മ. അത് പ്രണബ് ബാബുവിന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവായി നിലനിന്നു എന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ വിശ്വസ്തനായ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം കഴിഞ്ഞത്.
ഇപ്പോള്‍ ആ കാലത്തെ ഓര്‍മക്കുറിപ്പുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയാണ്. 1980 മുതല്‍ 1996 വരെയുള്ള സംഭവബഹുലമായ ഒന്നരപ്പതിറ്റാണ്ടുകാലത്തെ ഇന്ത്യന്‍ ദേശീയ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ് അദ്ദേഹം വിവരിക്കുന്നത്. പലതിലും അദ്ദേഹം പ്രമുഖസ്ഥാനത്ത് നിന്നയാളാണ്. മിക്ക സംഭവങ്ങളുടെയും ആന്തരിക മണ്ഡലത്തില്‍ നേരിട്ടു പങ്കാളിത്തമുള്ളയാളാണ്. അതിനാല്‍, ഒരുപാട് വിവാദങ്ങളും ചര്‍ച്ചകളും പുതിയ പുസ്തകം ഉണ്ടാക്കുമെന്നു തീര്‍ച്ച. പഴയ സഹപ്രവര്‍ത്തകരായ രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും പ്രധാനമന്ത്രികാലത്തെ സംബന്ധിച്ച് അദ്ദേഹം ശക്തമായ ചില വിമര്‍ശനങ്ങള്‍ നടത്തിയതായി പുറത്തുവന്ന രേഖകളില്‍ കാണുന്നു. ഒരുപക്ഷേ, 96നു ശേഷമുള്ള കാലത്തെ സംബന്ധിച്ച് ഒരു രണ്ടാംപുസ്തകം അദ്ദേഹം എഴുതുകയാണെങ്കില്‍ എന്തുകൊണ്ട് മന്‍മോഹനോട് അന്നത്തെ മല്‍സരത്തില്‍ താന്‍ തോറ്റുപോയി എന്നും അദ്ദേഹം സൂചിപ്പിക്കുമായിരിക്കും. ഹ
Next Story

RELATED STORIES

Share it