Second edit

രാവണദഹനത്തിനെതിരേ

രാവണനെ ആരാധിക്കുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ട്. വിജയദശമിയോടും ദസറയോടും ബന്ധപ്പെട്ടു നടത്തുന്ന രാവണദഹനം തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായി അവര്‍ ആരോപിക്കുന്നു. മധ്യേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന 30 ലക്ഷത്തോളം വരുന്ന ഗോണ്ടു ഗോത്രക്കാരാണ് അവര്‍.
ശ്രീരാമനാല്‍ വധിക്കപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്ന രാവണന്റെ കോലം കത്തിച്ച് കടലിലൊഴുക്കുന്ന ആചാരം അവസാനിപ്പിക്കണമെന്ന് ഗോണ്ടു സംസ്‌കാരത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. മോത്തി രാവണ്‍ കങ്കാളെ ആവശ്യപ്പെടുന്നു. സൈന്ധവ ലിപിയും ഗോണ്ടു ഭാഷയുമായുള്ള ബന്ധത്തെക്കുറിച്ച് അവഗാഹമുള്ള കങ്കാളെയുടെ അഭിപ്രായത്തില്‍ ആര്യാധിനിവേശത്തിനു ശേഷമാണ് ഗോണ്ടുകളുടെ ഭാഷയും മതവും സംസ്‌കാരവുമൊക്കെ അവഗണിക്കപ്പെട്ടത്.
ആര്യന്മാര്‍ കൊന്ന ഗോണ്ടു രാജാവാണ് രാവണന്‍. പ്രകൃതിമതമായ അനിമിസത്തിലും ടോട്ടമിലും വിശ്വസിക്കുന്ന പ്രാക്തന ദ്രാവിഡ ഗോത്രമാണ് ഗോണ്ടുകളുടേത്. 1857ലെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരാണ് ഗോണ്ടുകള്‍. എന്നാല്‍, ബ്രിട്ടിഷ് ഗവണ്‍മെന്റ് അവരെ അവഗണിച്ചു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമാകട്ടെ വംശനാശത്തിനു വേഗം കൂടി. രാവണദഹനം എന്ന ആചാരം ആരംഭിച്ചിട്ട് അധികനാളായിട്ടില്ലെന്ന് കങ്കാളെ പറയുന്നു. നാഗ്പൂരില്‍ 1838ല്‍ മാത്രമാണ് അതു തുടങ്ങിയത്.
രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചതിനു ശേഷം ഗോണ്ടുകളെ ഹിന്ദുമതവും സംസ്‌കാരവും അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ഏകലവ്യ വിദ്യാലയങ്ങളിലൂടെ ഭാവിതലമുറയില്‍ നിന്നു ഗോണ്ടു സംസ്‌കാരം ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it