ernakulam local

രായമംഗലത്ത് കോണ്‍ഗ്രസ്സില്‍ കടുത്ത വിഭാഗിയത

പെരുമ്പാവൂര്‍: രായമംഗലത്ത് കോണ്‍ഗ്രസ്സില്‍ കടുത്ത വിഭാഗിയത. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പങ്കെടുത്ത പുതിയ മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ എ വിഭാഗം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
മുന്‍ പ്രസിഡന്റ് ജോയി പൂണേലിക്ക് പിന്‍ഗാമിയായി നിയമിതനായ മണ്ഡലം പ്രസിഡന്റ് കെ വി ജെയ്‌സന്റെ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് പ്രതിഷേധമുയര്‍ന്നത്. ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 16ാം വാര്‍ഡില്‍ മല്‍സരിച്ച ഷിജോ വര്‍ഗീസിനെ തോല്‍പിക്കാന്‍ നേതൃത്വം നല്‍കിയ ജോയി പൂണേലിയുടെ ഇഷ്ടാനുസരണം നിയമിച്ച പുതിയ പ്രസിഡന്റിനെ അംഗീകരിക്കാനാവില്ലെന്ന് എ വിഭാഗം നേതൃത്വത്തെ അറിയിച്ചു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ജോയി പൂണേലി അനധികൃതമായി പിരിച്ച പണത്തിന്റെ കണക്കും എ വിഭാഗം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തതുമൂലം കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താന്‍ നാളിതുവരെ കമ്മിറ്റിപോലും വിളിച്ച് ചേര്‍ത്തില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
പി പി തങ്കച്ചന്‍, അഡ്വ. ജെയ്‌സന്‍ ജോസഫ് എന്നിവര്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാതെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി സ്‌റ്റേജിനു സമീപത്തെത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
തുടര്‍ന്ന് കൂട്ടത്തോടെ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ച് പുറത്തേക്കിറങ്ങി. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം ഇവിടെ പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തെങ്കിലും ഇത്രയും പരസ്യമായി പുറത്തേക്ക് വരുന്നത് ആദ്യമായാണ്.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ വിഭാഗക്കാരനായ ചെറിയാന്‍ ജോര്‍ജിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ഐ വിഭാഗക്കാരനായ ജോയി പൂണേലിയെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ വിഭാഗം പ്രമേയവും പാസാക്കിയിരുന്നു.
Next Story

RELATED STORIES

Share it