Kerala

രാമകൃഷ്ണാ പതറരുത്... എന്റെ റിസോര്‍ട്ട് നഷ്ടത്തിലാണ്

രാമകൃഷ്ണാ പതറരുത്... എന്റെ റിസോര്‍ട്ട്  നഷ്ടത്തിലാണ്
X
sabhasakshi-sudheerസംഗതി നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണെങ്കിലും അതൊക്കെ ചര്‍ച്ച ചെയ്തിട്ടെന്തുകാര്യം. ഇവിടെ നല്ല മൈലേജുള്ള കുന്നോളം വിഷയങ്ങള്‍ കിടക്കുകയല്ലേ. അതിനിടയിലേക്ക് നയപ്രഖ്യാപനമൊക്കെ എടുത്തിട്ട് അലക്കിയിട്ട് എന്തോന്നു കിട്ടാന്‍. ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. തോമസ് ചാണ്ടി കടുത്ത മനോവിഷമത്തിലാണ്.
തന്റെ റിസോര്‍ട്ടില്‍ പഴയതുപോലെ ബിസിനസ് നടക്കുന്നില്ല. കാര്യം മറ്റൊന്നുമല്ല, മദ്യനയം തന്നെ. ടൂറിസം തകര്‍ന്നു. പഴയപോലെ കസ്റ്റമേഴ്‌സ് എത്തുന്നില്ല. മുന്‍കാലങ്ങളില്‍ സുലഭമായിരുന്ന സൗത്ത് ഇന്ത്യന്‍ കോണ്‍ഫറന്‍സുകളൊക്കെ ഇപ്പോള്‍ അങ്ങ് ഗോവയിലും ശ്രീലങ്കയിലുമൊക്കെയാണ് ചേരുന്നത്. തന്റെ റിസോര്‍ട്ടിനു മാത്രമല്ല, സര്‍ക്കാരിനും വരുമാനനഷ്ടം. ഇനിയൊരു വഴിയേയുള്ളൂ. നാടുവിട്ട കോണ്‍ഫറന്‍സുകളെ തിരികെ കേരളത്തിലെത്തിക്കണം.

വെല്ലുവിളികളുണ്ടാവും പക്ഷേ, ടി പി രാമകൃഷ്ണാ... അങ്ങ് പതറരുത്.

മറ്റുപലരും പറയാന്‍ മടിച്ചതാണ് ഇത്രയും വളച്ചുകെട്ടി താന്‍ പറഞ്ഞതെന്നും തോമസ് ചാണ്ടി മനമുരുകി പറഞ്ഞു. കക്കൂസിനായി 3000ലേറെ അപേക്ഷകള്‍ തന്റെ മണ്ഡലത്തിലുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും തോമസ് ചാണ്ടി നടത്തി. നേരത്തെ ചാരിറ്റിയെന്ന നിലയില്‍ കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. എണ്ണം കൂടിയതോടെ തനിക്കു ഭാരം താങ്ങാനാവുന്നില്ല.
അലാവുദ്ദീന്റെ അദ്ഭുത വിളക്കുപോലെ കാര്യങ്ങള്‍ നടത്താന്‍ കഴിവുള്ള തോമസ് ഐസക് ഇക്കാര്യത്തില്‍ മനസ്സറിഞ്ഞ് സഹായിക്കണമെന്നും ചാണ്ടി പറഞ്ഞു. സ്പീക്കറില്‍ ദൈവസാന്നിധ്യം കണ്ടെത്തിയ രാജേട്ടന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണനിലെ ദൈവസാന്നിധ്യം കാണാതെ പോയതിലായിരുന്നു പി സി ജോര്‍ജിന്റെ പരിഭവം.
ബിജെപി ജയിച്ചതിന്റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും ചക്കളത്തിപ്പോര് നടത്തുകയാണ്. മൂന്നുമുന്നണികളും രാജ്യത്തിന് അപകടമായതിനാല്‍ ജനപക്ഷ മുന്നണി ഉയര്‍ന്നുവരുന്ന സാഹചര്യം ഉണ്ടാവുമെന്നും പി സിയുടെ മുന്നറിയിപ്പ്. കുതിരക്കച്ചവടത്തിലൂടെ ആര്‍എസ്പിയെ കടത്തിക്കൊണ്ടുപോയി ഇല്ലാതാക്കിയതിന്റെ സന്തോഷമായിരുന്നു കൊല്ലത്തുനിന്നുള്ള പുതുമുഖം എം നൗഷാദിന്. ലീഗിന്റെ മരണമണി തുടങ്ങിയെന്നും തിരുവിതാംകൂറില്‍ ഈസാധനം കിട്ടാനില്ലെന്നും ആശങ്ക പ്രകടിപ്പിച്ച നൗഷാദ് മങ്കടയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചതിലെ പ്രതികള്‍ ലീഗുകാരാണെന്നും വെളിപ്പെടുത്തി. മലപ്പുറത്ത് നിന്നു വളരെ അഭിമാനത്തോടെ നിയമസഭയിലെത്തിയ പി വി അന്‍വറിന് യുഡിഎഫ് ചെയ്തികള്‍ മൂലം കുടുംബത്തോടൊപ്പം ടി വി കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു പരാതി.
ഫിദല്‍ കാസ്‌ട്രോക്ക് മാന്യമായ പദവി നല്‍കണമെന്ന നിര്‍ദേശമായിരുന്നു എം ഉമ്മര്‍ പങ്കുവച്ചത്. നന്ദിപ്രമേയചര്‍ച്ചയില്‍ വിഎസിനു സംസാരിക്കാനുള്ള സമയത്തിനായി ബക്കറ്റ് പിരിവ് നടത്തിയത് അപമാനകരമായി. മങ്കടയിലെ പ്രതികള്‍ ലീഗുകാരാണെന്ന് സിപിഎം ചാര്‍ജ് ഷീറ്റ് നല്‍കിയ സാഹചര്യത്തില്‍ മാറ്റിപ്പറയാന്‍ വഴിയില്ല.
അതിന്റെപേരില്‍ വേറെ കേസെടുത്താലോയെന്നും ഉമ്മറിന് പേടി. കായിക മന്ത്രി ഇ പി ജയരാജനെ കോവൂര്‍ കുഞ്ഞുമോന്‍ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ദലിത് യുവതികള്‍ സിപിഎമ്മുകാരെ അക്രമിച്ചെന്ന വാദത്തെ വി പി സജീന്ദ്രന്‍ ഉപമിച്ചത് ഇങ്ങനെയാണ്.
ആര്‍എസ്പി(ലെനിനിസ്റ്റ്)യുടെ എല്ലാമെല്ലാമായ കോവൂരിനെ സഭയുടെ പിന്‍നിരയിലിരുത്തി അവഗണിക്കരുതെന്നും സജീന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്രയുംകാലം ഭരിച്ചിട്ടും ഇപ്പോഴും നവകേരളമെന്ന ആശയവുമായി സിപിഎം നീങ്ങുന്നതിലുള്ള വിഷമമായിരുന്നു സി എഫ് തോമസിന്.
Next Story

RELATED STORIES

Share it