രാപ്പാള്‍ കൊലപാതകം: പ്രതി അറസ്റ്റില്‍

തൃശൂര്‍: കഴിഞ്ഞദിവസം രാത്രി പള്ളം മൈത്രി നഗറില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. രാപ്പാള്‍ പള്ളം കോരത്തേരി വീട്ടില്‍ മനോജി (40)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മനോജ് കൊടുങ്ങല്ലൂര്‍, പുതുക്കാട്, കൊടകര, വരന്തരപ്പിള്ളി തുടങ്ങിയ സ്റ്റേഷനുകളിലായി അടിപിടി, മോഷണം തുടങ്ങി എട്ടോളം കേസുകളില്‍ പ്രതിയാണ്. രാപ്പാള്‍ മൈത്രി നഗര്‍ ഇട്ടിയാടന്‍ ചന്ദ്രന്റെ മകന്‍ കണ്ണന്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
കണ്ണന്റെ സുഹൃത്തുക്കള്‍ പ്രദേശത്ത് വരുന്നതുമായി ബന്ധപ്പെട്ട് മനോജുമായി തര്‍ക്കം നിലനിന്നിരുന്നു. സംഭവദിവസം വൈകീട്ട് കണ്ണനെ ഫോണില്‍ വിളിച്ച് വരുത്തി മനോജ് ഈ വിഷയം സംസാരിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും മനോജ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കണ്ണനെ കുത്തുകയായിരുന്നു. കുത്തിയ ശേഷം വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിസരവാസികളോട് കണ്ണനെ കുത്തിയെന്ന് പറഞ്ഞിരുന്നു.
സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാര്‍ കണ്ണനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പോലിസ് മനോജിനെ വീട്ടില്‍ നിന്നു പിടികൂടി. ഇന്നലെ രാവിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നു പോലിസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. പുതുക്കാട് സിഐ കെ എന്‍ ഷാജിമോന്‍, എസ്‌ഐ വി സജീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മനോജിന്റെ മൃതദേഹം രാവിലെ പുതുക്കാട് താലൂക്ക് ഹോസ്പിറ്റലില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മൃതദേഹം 4.30ന് വടൂക്കര എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: സൗമിനി. മക്കള്‍: മിഥുന്‍ മൂന്നാം ക്ലാസ്, വൈഗ ഒന്നാം ക്ലാസ്. മാതാവ്: ശാരദ.
Next Story

RELATED STORIES

Share it