Kollam Local

രാജ്‌മോഹന്‍ ഉണ്ണിത്താന് 21 ലക്ഷത്തിന്റേയും ശൂരനാട് രാജശേഖരന് ആറേമുക്കാല്‍ ലക്ഷത്തിന്റേയും ആസ്തി

കൊല്ലം: കുണ്ടറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് 21 ലക്ഷത്തിന്റെ ആസ്തി. കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ ഏകദേശ വില കണക്കാക്കിയുള്ള തുകയാണിത്. ഉണ്ണിത്താന്റെ കൈവശം ഒരുലക്ഷം രൂപയുണ്ട്. കനറാ ബാങ്കിന്റെ തിരുവനന്തപുരം പൂജപ്പുര ബ്രാഞ്ചില്‍ 1,75,654.31 രൂപയും കൊല്ലം പോളയത്തോട് ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ 99,933 രൂപയും എസ്ബിടി വഴുതക്കാട് ബ്രാഞ്ചില്‍ 26,205 രൂപയും കൊല്ലം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ ഒരു ലക്ഷം രൂപയും നിക്ഷേപമുണ്ട്.കിളികൊല്ലൂര്‍ വില്ലേജില്‍ 5,50,000 രൂപ വിലമതിക്കുന്ന കുടുംബ സ്വത്തായി കിട്ടിയ 3.64 ഏക്കര്‍ കൃഷിഭൂമിയും ഇതേ വില്ലേജില്‍ തന്നെ 11,30,000 രൂപ വിലവരുന്ന 6.02 ചതുരശ്ര അടി ഭൂമിയുമുണ്ട്. സ്വര്‍ണാഭരണവും സാമ്പത്തിക ബാധ്യതകളുമില്ല.
ഭാര്യയുടെ കൈവശം 10,000 രൂപയുണ്ട്. കനറാ ബാങ്കിന്റെ പൂജപ്പുര ബ്രാഞ്ചില്‍ 17,270.61 രൂപയുടെ നിക്ഷേപവും 23,37,500 രൂപ വിലമതിക്കുന്ന 850 ഗ്രാം സ്വര്‍ണവും ഉണ്ട്. ഇതിനുപുറമെ മൂന്ന് പോളിസികളിലായി 2,25,000 രൂപയുടെ ഇന്‍ഷുറന്‍സ് നിക്ഷേപവുമുണ്ട്. ഇതിന് പുറമേ തിരുവനന്തപുരം തിരുമല വില്ലേജില്‍ ഒരു കോടി 21 ലക്ഷം രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയും കെട്ടിടവും ഉണ്ട്.
ചടയമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം എം ഹസന് സ്വന്തമായി ഭൂമിയില്ല. പക്ഷേ വിവിധ ബാങ്കുകളിലും സ്ഥാപനങ്ങളിലുമായി 30,41,702 രൂപയുടെ നിക്ഷേപവും കൈവശം രണ്ട് ലക്ഷം രൂപയുമുണ്ട്. ഭാര്യയ്ക്ക് ഒന്നേമുക്കാല്‍ കോടി രൂപയുടെ ആസ്തിയാണുള്ളത്.
എം എം ഹസന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലുള്ള വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പ്രിന്‍സിപ്പല്‍ സബ്ട്രഷറിയില്‍ 5,34,306 രൂപയും കെഎസ്എഫ്ഇയില്‍ 2,500 രൂപയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ 4,15,264 രൂപയും ജില്ലാ സഹകരണബാങ്കിന്റെ നിലമേല്‍ ബ്രാഞ്ചില്‍ 5,10,000 രൂപയും നിക്ഷേപമുണ്ട്. ഭാരത് ബ്രോഡ്കാസ്റ്റിക് നെറ്റ് വര്‍ക്കില്‍ 10,000 രൂപയും ജയ് ഹിന്ദ് കമ്യൂണിക്കേഷന്‍ ലിമിറ്റഡില്‍ 50,000 രൂപയും ജനശ്രീ മൈക്രോ ഫിനാന്‍സ് ലിമിറ്റഡില്‍ 50,000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. രണ്ട് ഇന്നോവ കാറുകളും ഹസന് സ്വന്തമായുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്കില്‍ 2,53,872 രൂപയുടെ വാഹന വായ്പയുണ്ട്. ഭാര്യയുടെ കൈവശം 22,000 രൂപയും കെഎസ്എഫ്ഇ പാളയം ബ്രാഞ്ചില്‍ 2,00,000 രൂപയും പാളയം സിന്‍ഡിക്കേറ്റ് ബാങ്കില്‍ 20,00,000 രൂപയും 12,10,000 രൂപ വിലമതിക്കുന്ന 55 പവന്‍ സ്വര്‍ണവും ബര്‍ണ കാറും സ്വന്തമായുണ്ട്. ഭാര്യയുടെ പേരില്‍ 50,00,000 രൂപ വിലമതിക്കുന്ന 9.37 ഏക്കര്‍ ഭൂമി പാലക്കാട് മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടപ്പുറം വില്ലേജില്‍ ഉണ്ട്. തിരുവനന്തപുരം ശാസ്തമംഗലം വില്ലേജില്‍ 90,00,000 രൂപ കമ്പോളവിലയുള്ള 12.832 സെന്റ് ഭൂമിയും വീടും ഉണ്ട്. ചാത്തന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന് ആറേ മുക്കാല്‍ ലക്ഷത്തിന്റെയും ഭാര്യയ്ക്ക് അരക്കോടിയുടെയും ആസ്തിയുണ്ട്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി എണ്‍പതിനായിരം രൂപയുണ്ട്. ശൂരനാട് സൗത്ത് വില്ലേജില്‍ കുടുംബ സ്വത്തായി കിട്ടിയ ഒന്നരലക്ഷം രൂപ ഏകദേശ വില കണക്കാക്കുന്ന 124 സെന്റ് ഭൂമിയുണ്ട്. ഇതിന് പുറമേ ശാസ്താംകോട്ട വില്ലേജില്‍ സ്വന്തമായി വാങ്ങിയ 125000 രൂപ എകദേശ വില കണക്കാക്കുന്ന പതിനാലര സെന്റ് ഭൂമി വേറെയുണ്ട്. കൈവശം 25000 രൂപയും 40 ഗ്രാമിന്റെ സ്വര്‍ണാഭരണവും മാത്രമേയുള്ളു. ഭാര്യയുടെ കൈവശം 4,20,000 രൂപ വില കണക്കാക്കുന്ന 160 ഗ്രാം സ്വര്‍ണാഭരണമുണ്ട്. മീനാട് വില്ലേജില്‍ ഒരു ഹെക്ടര്‍ ഭൂമിയും ഇതേ സ്ഥലത്ത് 2850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്. രണ്ടിനും കൂടി ഏകദേശം 50 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it