രാജ്യ സഭ:പാഴായത് പകുതി സമയം; നഷ്ടം പത്ത് കോടി

ന്യൂഡല്‍ഹി: ഇന്നലെ അവസാനിച്ച രാജ്യസഭയുടെ ശീതകാല സമ്മേളനത്തില്‍ വിനിയോഗിച്ചത് പകുതി സമയം മാത്രം. ഈ സമ്മേളനത്തില്‍ 112 മണിക്കൂറായിരുന്നു സഭ സമ്മേളിക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രതിപക്ഷ ബഹളം കാരണം 57 മണിക്കൂര്‍ മാത്രമാണ് സഭ ചേരാനായത്. സഭ ചേരുന്നതിനു മിനിറ്റിന് 29,000 രൂപയാണ് ചെലവ്. അതായത് പാഴാക്കിയ സമയത്തിന്റെ ചെലവ് 10 കോടിക്കടുത്ത് വരും. എന്നാല്‍, ലോക്‌സഭയുടെ ശീതകാല സമ്മേളനം നിശ്ചിത സമയത്തില്‍ ഒരു മണിക്കൂര്‍ കൂടുതല്‍ പ്രവര്‍ത്തിച്ചതായാണ് കണക്ക്.
114 മണിക്കൂറായിരുന്നു നിശ്ചിത സമയം. എന്നാല്‍, 115 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്. ലോക്‌സഭ ഇത്തവണ 14 ബില്ലുകള്‍ പാസാക്കി. 104 ശതമാനം പ്രവര്‍ത്തനക്ഷമത കാണിച്ചപ്പോള്‍ രാജ്യസഭയില്‍ 9 ബില്ലുകള്‍ മാത്രമാണ് പാസാക്കാന്‍ കഴിഞ്ഞത്. രാജ്യസഭയുടെ പ്രവര്‍ത്തനക്ഷമത 46 ശതമാനം മാത്രമാണ്. ലോക്‌സഭ 33 മണിക്കൂര്‍ നിയമ നിര്‍മാണ കാര്യത്തിനും 50 മണിക്കൂര്‍ മറ്റു വിഷയങ്ങള്‍ക്കുമാണ് ചെലവിട്ടത്. രാജ്യസഭ 10 മണിക്കൂറാണ് നിയമനിര്‍മാണത്തിനു വിനിയോഗിച്ചത്. 37 മണിക്കൂര്‍ മറ്റു വിഷയങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തിയത്. ഇത് ആകെ സമയത്തിന്റെ 65 ശതമാനമാണ്.
വിവിധ മന്ത്രാലയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സഭയിലെ അംഗങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അനുവദിക്കുന്ന ഒരു മണിക്കൂര്‍ സമയമാണ് ചോദ്യോത്തരവേള. ലോക്‌സഭ 15 മണിക്കൂര്‍ ചോദ്യോത്തരവേളയ്ക്ക് ഉപയോഗിച്ചുവെങ്കില്‍ രാജ്യസഭ 24 മണിക്കൂര്‍ മാത്രമാണിതിന് ചെലവിട്ടത്. ഇക്കാര്യത്തില്‍ ലോക്‌സഭ 87 ശതമാനവും രാജ്യ സഭ 14 ശതമാനവുമാണ് വിനിയോഗിച്ചത്. എന്നാല്‍, ചൊവ്വാഴ്ച തുടര്‍ച്ചയായി രാജ്യസഭ അഞ്ച് മണിക്കൂര്‍ ചേര്‍ന്നാണ് ബാലനീതി ബില്ല് പാസാക്കിയത്. ഈ ബില്ല് കഴിഞ്ഞ മെയില്‍ ലോക്‌സഭ പാസാക്കിയിരുന്നു.
Next Story

RELATED STORIES

Share it