രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വ ചിത്രമേള 10 മുതല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഒമ്പതാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വ ചിത്രമേള ഈമാസം 10 മുതല്‍ 14വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കും. മേളയുടെ ഉദ്ഘാടനം 10ന് വൈകീട്ട് ആറുമണിക്ക് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 204 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി-8, ഷോര്‍ട്ട് -19, ഷോര്‍ട്ട് ഫിക്ഷന്‍-30, ആനിമേഷന്‍-6, മ്യൂസിക് വീഡിയോ-14, കാംപസ് ഫിലിം-4 വിഭാഗങ്ങളിലായി 81 ചിത്രങ്ങള്‍ മല്‍സരരംഗത്തുണ്ടാവും. മല്‍സരേതരവിഭാഗത്തില്‍ ഷോര്‍ട്ട് ഫിക്ഷന്‍-18, ലോങ് ഡോക്യുമെന്ററി-5, ഷോര്‍ട്ട് ഡോക്യുമെന്ററി-18 എന്നിവയും പ്രദര്‍ശനത്തിനെത്തും. വൈല്‍ഡ് ലൈഫായാണ് ഈവര്‍ഷത്തെ മേളയുടെ തീം  എന്ന് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരായ സുരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍ സിങ്, സന്ദേഷ് കടൂര്‍, സുരേഷ് ഇളമണ്‍ എന്നിവരുടെ ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും മേളയുടെ ഭാഗമായുണ്ടാവും. പ്രശസ്ത മണിപ്പൂരി സംവിധായകന്‍ പത്മശ്രീ അരിബാം ശ്യാം ശര്‍മയുടെ ചിത്രങ്ങള്‍ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സംവിധായകനായ വാങ്ബിങ്, സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങളാണ് ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ഹ്രസ്വചിത്രങ്ങള്‍, പ്രമുഖ മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ക്യുറേറ്റ് ചെയ്ത 'ബീജ്', ലോകത്തിലെ  മികച്ച പരീക്ഷണചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 'ഓബര്‍ഹ്യുസൈന്‍' മേളയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ ചിത്രങ്ങള്‍ എന്നിവയാണ് മുഖ്യ ആകര്‍ഷണം.  വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 120ഓളം സംവിധായകര്‍ മേളയില്‍ പങ്കെടുക്കും. 11ന് വൈകീട്ട് ആറിന് കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍കലാമേളയും 13ന് വൈകീട്ട് ഷബീര്‍ അലിയുടെ ഗസല്‍ സന്ധ്യയുമുണ്ടാവും.
Next Story

RELATED STORIES

Share it