രാജ്യസഭാ സീറ്റ്: ഉഭയകക്ഷി ചര്‍ച്ച അലസി; സിപിഎം- സിപിഐ തര്‍ക്കം തുടരുന്നു

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സമവായത്തിലെത്താന്‍ ചേര്‍ന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതിരുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. വ്യാഴാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനുശേഷം ഉഭയകക്ഷി ചര്‍ച്ച തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
ആവശ്യത്തില്‍നിന്ന് ഇരുകക്ഷികളും പിന്നാക്കം പോയിട്ടില്ല. ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്ന് ഒഴിവുകളിലേക്കാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് എല്‍ഡിഎഫിന് വിജയിപ്പിക്കാവുന്ന ഒരു സീറ്റിനെച്ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുന്നത്. നേരത്തേ തങ്ങളുടെ അംഗങ്ങളായിരുന്ന കെ ഇ ഇസ്മായിലും എം പി അച്യുതനും ഒഴിഞ്ഞപ്പോള്‍ ജയിക്കാവുന്ന സീറ്റ് സിപിഎമ്മിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ചര്‍ച്ചയില്‍ സിപിഐ നേതൃത്വം വിശദീകരിച്ചു.
ഇക്കുറിയും സീറ്റ് സിപിഎമ്മിനു ലഭിച്ചാല്‍ രാജ്യസഭാ അംഗങ്ങളുടെ എണ്ണം മൂന്നാവും. രണ്ട് അംഗങ്ങളുണ്ടായിരുന്ന തങ്ങള്‍ക്കു നിലവില്‍ കേരളത്തില്‍നിന്ന് രാജ്യസഭാ പ്രതിനിധിയില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന നിലപാട് സിപിഐ നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ടി എന്‍ സീമയുടെയും കെ എന്‍ ബാലഗോപാലിന്റെയുമാണെന്നു വാദിച്ച സിപിഎം നേതാക്കള്‍, തങ്ങള്‍ക്ക് ഒറ്റയ്ക്ക് വിജയിക്കാവുന്ന അംഗബലമുണ്ടെന്ന ഭീഷണിയും മുഴക്കി.
ഒരുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നും നാളെയുമായി ചേരുന്ന ദേശീയ നിര്‍വാഹകസമിതിക്കു ശേഷം മറുപടി നല്‍കാമെന്നറിയിച്ച് സിപിഐ നേതാക്കള്‍ മടങ്ങുകയായിരുന്നു. രാജ്യസഭാ സീറ്റ് ലഭിച്ചാല്‍ പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെയോ കൊല്ലത്തുനിന്നുള്ള പി സോമപ്രസാദിനെയോ മല്‍സരിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. അതേസമയം, കേന്ദ്രകമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വത്തിനു വേണ്ടിയാണ് സിപിഐ സീറ്റില്‍ അവകാശവാദമുന്നയിക്കുന്നത്.
നിയമസഭയിലെ ഇപ്പോഴത്തെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ യുഡിഎഫിന് രണ്ടുപേരെയും എല്‍ഡിഎഫിന് ഒരാളെയും വിജയിപ്പിക്കാം. കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എ കെ ആന്റണിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. മാര്‍ച്ച് 21നാണ് തിരഞ്ഞെടുപ്പ്.
ചര്‍ച്ച രാജ്യസഭാ സീറ്റില്‍ കേന്ദ്രീകരിച്ചപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എല്‍ഡിഎഫ് യോഗത്തിനുശേഷം നടത്താനും ധാരണയായി. അധികം വേണ്ടതും വച്ചുമാറേണ്ടതുമായ സീറ്റുകളെക്കുറിച്ച് യോഗത്തില്‍ സിപിഐ സൂചന നല്‍കുകയും ചെയ്തു. 27 മണ്ഡലങ്ങളില്‍ മല്‍സരിച്ചിരുന്ന സിപിഐക്ക് ഇത്തവണ 30 സീറ്റ് വേണമെന്നാണ് ആവശ്യം. അതേസമയം, ഒരു മണ്ഡലം വിട്ടുനല്‍കി രാജ്യസഭാ സീറ്റ് കൈക്കലാക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം.
Next Story

RELATED STORIES

Share it