രാജ്യദ്രോഹക്കുറ്റ നിയമം ഒഴിവാക്കണം: സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനും മനുഷ്യാവകാശങ്ങള്‍ ലംഘിക്കാനും ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമമാണെന്നും ഇത് റദ്ദ് ചെയ്യേണ്ട കാലം കഴിഞ്ഞെന്നും മുന്‍ എംപിയും നിയമജ്ഞനും മാധ്യമപ്രവര്‍ത്തകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. റൈറ്റ് തിങ്കേഴ്‌സ് ഫേസ്ബുക്ക് കൂട്ടായ്മയുടെ വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകാധിപത്യങ്ങള്‍ക്കെതിരായി ശാസ്ത്രവും സാങ്കേതികവിദ്യയും നേടിയ ഏറ്റവും വലിയ വിജയമാണ് സോഷ്യല്‍ മീഡിയകള്‍. ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇനി നരേന്ദ്ര മോദിയോ സോണിയ ഗാന്ധിയോ വിചാരിച്ചാലും ഒരു അടിയന്തരാവസ്ഥ കൊണ്ടുവരിക ഈ ഫേസ്ബുക്ക് കാലത്ത് സാധ്യമല്ല. ഈ മേഖലയില്‍ ജനാധിപത്യപരമായ മികച്ചൊരു ചുവടുവയ്പ്പായിരുന്നു സെക്ഷന്‍ 66 എ റദ്ദ് ചെയ്തത്. യഥാര്‍ഥത്തില്‍ 66 പൂര്‍ണമായും റദ്ദ് ചെയ്യേണ്ടതുണ്ട്. രാജ്യദ്രോഹക്കുറ്റവും ഒരു ജനാധിപത്യരാജ്യത്ത് നിലനില്‍ക്കേണ്ട നിയമമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, കേവലം രാജദ്രോഹം മാത്രമാണെന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
സത്യം വിളിച്ചുപറയാനും അതിരുകളില്ലാതെ ജനങ്ങളിലേക്കെത്തിക്കാനുമുള്ള വേദി എന്ന നിലയില്‍ സോഷ്യല്‍ മീഡിയകള്‍ ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. എന്നാല്‍, ഈ സ്വാതന്ത്ര്യം ഉത്തരവാദിത്തബോധത്തോടു കൂടി വിനിയോഗിക്കാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടതുണ്ട്. പലപ്പോഴും, സത്യത്തിന് പകരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയായും സോഷ്യല്‍ മീഡിയകള്‍ മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം അബാദ് പ്ലാസയില്‍ നടന്ന സംഗമത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗ്രൂപ്പ് മെംബര്‍മാര്‍ പങ്കെടുത്തു. സൈബര്‍ ആക്റ്റിവിസം കൂടാതെ, നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും നടത്തി ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന റൈറ്റ് തിങ്കേഴ്‌സ്, അംഗസംഖ്യ കൊണ്ടും സജീവത കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന മലയാളത്തിലെ ഫേസ്ബുക്ക് ഗ്രൂപ്പാണ്. ജിദ്ദയിലും ദുബായിയിലും പ്രവാസികള്‍ക്കായി ഗ്രൂപ്പിന്റെ സംഗമങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it