രാജ്യത്ത് ശാസ്ത്ര ഗവേഷണം സുഗമമാക്കുമെന്നു പ്രധാനമന്ത്രി

മൈസൂരു: രാജ്യത്ത് ശാസ്ത്ര ഗവേഷണം സുഗമമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈസൂരുവില്‍ 103ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ സംസാരിക്കുകയായിരുന്നു മോദി. അഞ്ചുദിവസത്തെ കോണ്‍ഗ്രസ്സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള 500ലധികം ശാസ്ത്രജ്ഞന്‍മാരും സാങ്കേതികവിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
മിതവ്യയം, പരിസ്ഥിതി, ഊര്‍ജം, സഹാനുഭൂതി, സമത്വം എന്നീ അഞ്ച് തത്വങ്ങളില്‍ ഊന്നി ശാസ്ത്രജ്ഞന്‍മാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ശാസ്ത്രത്തിന്റെ ഗുണം സമൂഹത്തില്‍ പ്രതിഫലിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാവണം. സുസ്ഥിര ലോകത്തിനതേറ്റവും നിര്‍ണായകമാണ്. സാമ്പത്തികവളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കും പുരോഗതിക്കുമുള്ള പ്രധാന സ്രോതസ്സുകളാണ് നഗരങ്ങള്‍. എന്നാല്‍ നഗരങ്ങളാണു ലോകത്തിലെ മൂന്നില്‍ രണ്ടു ഭാഗം ഊര്‍ജം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ 80 ശതമാനം ഹരിതവാതകങ്ങളും പുറത്തുവിടുന്നത് നഗരങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നഗരത്തിലെ ഖരമാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്ന ശാസ്ത്രവിദ്യകള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. നമ്മള്‍ ഭൂമിയോടെങ്ങനെ പെരുമാറുന്നു, സമുദ്രത്തെയെങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചാണ് ഭൂഗോളത്തിന്റെ ഭാവി നിലനില്‍ക്കുന്നത്. സമുദ്രശാസ്ത്രത്തിലെ ഗവേഷണങ്ങള്‍ക്കു കൂടുതല്‍ പ്രോല്‍സാഹനം നല്‍കും. ശാസ്ത്ര ഗവേഷണത്തില്‍ ഇന്ത്യ പരമാണു മുതല്‍ ബഹിരാകാശം വരെയുള്ള മേഖലകളില്‍ വിജയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ-ആരോഗ്യ രംഗങ്ങളില്‍ സുരക്ഷ കൈവരിക്കാന്‍ ഇന്ത്യ—ക്കു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി പ്രൈസ് ഓഫ് ഇന്ത്യാ എക്‌സ്‌പോ, ഹാള്‍ ഓഫ് പ്രൈസ്, ജെനിസിസ് സിംപോസിയം, വിജ്ഞാന്‍ ജ്യോതി, പ്രഭാഷണങ്ങള്‍, വനിത-ബാലശാസ്ത്ര കോണ്‍ഗ്രസ്, യുവശാസ്ത്ര പുരസ്‌കാരം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it