ernakulam local

രാജ്യത്തെ നയിക്കുന്നത് സവര്‍ണ രാഷ്ട്രീയം: ജോ. ആന്റണി

ആലുവ: രാജ്യത്തെ ഇപ്പോഴും നയിക്കുന്നത് സവര്‍ണ സമ്പന്ന വര്‍ഗങ്ങളുടെ രാഷ്ട്രീയമാണെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) അഖിലേന്ത്യാ സെക്രട്ടറി ജോ. ആന്റണി പറഞ്ഞു.
ആലുവ നിയോജക മണ്ഡലം എസ്ഡിപിഐ- എസ്പി സഖ്യസ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായിലിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വരിഞ്ഞുമുറുക്കിയിട്ടുള്ള സവര്‍ണ ഫാഷിസത്തെ ഇല്ലാതാക്കി, പുതിയൊരു ഇന്ത്യക്കായുള്ള പോരാട്ടം രാഷ്ട്രശില്‍പികളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമാവുമെന്ന് അദ്ദേഹം പറഞ്ഞു. സവര്‍ണ രാഷ്ട്രീയം എന്നത് തന്നെ ഗൂഢാലോചനകളാണ്. 92 ലെ ബാബരി മസ്ജിദ് തകര്‍ച്ച അടക്കമുള്ള മുഴുവന്‍ സംഭവങ്ങളും ഇത് തന്നെയാണ് തെളിയിക്കുന്നത്.
കേരളത്തില്‍പ്പോലും, ഈ മതഭ്രാന്ത് ശക്തമായിരിക്കുന്നു. വെള്ളാപ്പിള്ളിക്കൊപ്പം ചേര്‍ന്ന് അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ ഉദാഹരണം ചൂണ്ടിക്കാട്ടി കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്. ഇവര്‍ക്ക് മുദ്രാവാക്യങ്ങളില്ല. ആശയദാരിദ്രംകൊണ്ട് ഇവര്‍ പൊറുതിമുട്ടുകയാണിന്ന്. രാജ്യശില്‍പികള്‍ സ്വപ്‌നം കണ്ട ഇന്ത്യയുടെ പുനര്‍ജന്മമാണ് എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ ലക്ഷ്യമെന്നും, ഈ സഖ്യം ഇന്ത്യയില്‍ ചരിത്രമെഴുതുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ചെറിയൊരു രാഷ്ട്രീയ പ്രസ്ഥാനമായി തുടക്കംകുറിച്ച സമാജ്‌വാദി പാര്‍ട്ടി യുപിയില്‍ പിന്നീട് നിര്‍ണായക ശക്തിയാവുകയും, ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഇതേ ചരിത്രമായിരിക്കും വരുംകാലങ്ങളില്‍ കേരളത്തിലടക്കം സംഭവിക്കാന്‍ പോവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഭീതിയുടെ നിഴലില്‍ നിന്നും രക്ഷിക്കാന്‍ എസ്ഡിപിഐ-എസ്പി സഖ്യത്തിന് സാധിക്കുമെന്നും കേരളത്തിലടക്കം ഇതിന്റെ അലയൊലികള്‍ ആരംഭിച്ചതായും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ചടങ്ങില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് എടയപ്പുറം അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം റോയ് അറയ്ക്കല്‍, സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായില്‍, എസ്പി ജില്ലാ പ്രസിഡന്റ് രൂപേഷ് ജിമ്മി മഠത്തിപ്പറമ്പില്‍, വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍, പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം പറക്കാടന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അഫ്‌സല്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഫീര്‍ മുഹമ്മദ്, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ഫസല്‍, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാന ഷാനവാസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മനോജ് പി മൈലന്‍, അബു കുന്നശ്ശേരി പള്ളം, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ എം ലത്തീഫ്, കണ്‍വീനര്‍ സഫീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it