രാജ്യത്തെ ജഡ്ജിമാരുടെ എണ്ണത്തില്‍ വന്‍ കുറവ്

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള കൊളീജിയം സംവിധാനം പുനസ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തു നികത്താനുള്ളത് 5,000ത്തോളം ജഡ്ജിമാരുടെ ഒഴിവുകള്‍. രാജ്യത്തെ പത്തുലക്ഷം ആളുകള്‍ക്ക് 50 ജഡ്ജിമാരെന്ന അനുപാതം സൂക്ഷിക്കാന്‍ ദേശീയ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും നിലവില്‍ പത്തുലക്ഷം പേര്‍ക്ക് 17 ജഡ്ജിമാര്‍ എന്ന അനുപാതം മാത്രമേയുള്ളൂ. 1987ല്‍ നിയമ കമ്മീഷന്‍ ഇക്കാര്യം ശുപാര്‍ശ ചെയ്യുമ്പോള്‍ അന്ന് ഇന്ത്യയിലാകെ 7,675 ജഡ്ജിമാരേ (പത്തുലക്ഷത്തിന് 10.5 ജഡ്ജിമാര്‍) ഉണ്ടായിരുന്നുള്ളൂ.
അമേരിക്കയില്‍ പത്തുലക്ഷം ആളുകള്‍ക്ക് 107 ജഡ്ജിമാരും ബ്രിട്ടനില്‍ ഇത് 51 ജഡ്ജിമാരുമാണ്. ഇന്ത്യയില്‍ ജഡ്ജിമാരുടെ എണ്ണം മുമ്പത്തേതിനെക്കാള്‍ വര്‍ധിച്ചെങ്കിലും നിലവില്‍ 4,600 ജഡ്ജിമാരുടെ ഒഴിവുകളാണ് രാജ്യത്ത് നികത്താനുള്ളത്. ആവശ്യത്തിനു ജഡ്ജിമാരില്ലാത്തത് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കാനും പൗരന്‍മാര്‍ക്കു നീതി ലഭിക്കാന്‍ കാലതാമസം ഉണ്ടാവാനും കാരണമാവുന്നു. സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം കേന്ദ്രസര്‍ക്കാര്‍ വാദത്തിനെതിരായി സുപ്രിംകോടതി പുനസ്ഥാപിച്ചതിനാല്‍ അതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും തമ്മില്‍ തുടരുന്ന അഭിപ്രായ വ്യത്യാസം ജഡ്ജിമാരുടെ നിയമനം വൈകുന്നതിന് പ്രധാന കാരണമാണ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയത്തിനാണ് ഹൈക്കോടതികളിലെയും സുപ്രിംകോടതിലെയും ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ നടത്താനുള്ള ഉത്തരവാദിത്തം. ഇന്ത്യയിലെ 24 ഹൈക്കോടതികളിലും സുപ്രിംകോടതിയലുമായി ആകെ 20,214 ജഡ്ജിമാരാണ് കണക്കുപ്രകാരം ഉണ്ടാവേണ്ടത്.
Next Story

RELATED STORIES

Share it