kasaragod local

രാജ്യത്തിന്റെ വികസന നേട്ടങ്ങളുടെ അടിത്തറ മതേതരത്വവും ജനാധിപത്യവും: മന്ത്രി അനൂപ് ജേക്കബ്

വിദ്യാനഗര്‍: ഭരണഘടനാനുസൃതമായി ജനാധിപത്യമൂല്യങ്ങളും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇന്ത്യ വികസന നേട്ടങ്ങള്‍ കൈവരിച്ചതെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് എതിരാണ്. ശാസ്ത്രസാങ്കേതിക രംഗത്തും വിവര സാങ്കേതിക വിദ്യയിലും ഉള്‍പ്പെടെ രാജ്യം വികസന മുന്നേറ്റം നടത്തുന്നത് ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതിനാലാണ്.
സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചതിനാല്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായി. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ റെയില്‍വേ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നൂതന സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. സാധാരണക്കാര്‍ക്ക് വികസനത്തിന്റെയും ക്ഷേമപദ്ധതികളുടെയും ഗുണഫലമെത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ്, എംഎല്‍എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി ചായിന്റടി, എം ഗൗരി, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, എഡിഎം എച്ച് ദിനേശന്‍, സംബന്ധിച്ചു.
Next Story

RELATED STORIES

Share it