രാജ്യത്തിന്റെ മധ്യ-ഉത്തര ഭാഗങ്ങളില്‍ പാര്‍ട്ടി തുടച്ചു നീക്കപ്പെട്ടു കോണ്‍ഗ്രസ് ഭരണം രാജ്യത്തെ ആറു ശതമാനം ജനങ്ങളിലൊതുങ്ങി

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ഭരിക്കുന്നതു രാജ്യത്തെ ആറു ശതമാനം മാത്രം ജനങ്ങളെ. നിലവില്‍ ഏഴു സംസ്ഥാനങ്ങളില്‍ മാത്രമാണു കോണ്‍ഗ്രസ് ഭരണമുള്ളത്. അതാവട്ടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആറുശതമാനത്തെ മാത്രം പ്രതിനിധീകരിക്കുന്ന ചെറിയ സംസ്ഥാനങ്ങളുമാണ്. അവസാനമായി കേരളത്തിലെയും അസമിലെയും ഭരണം നഷ്ടമായി. പശ്ചിമബംഗാളില്‍ ഏതാനും സീറ്റുകള്‍ വര്‍ധിച്ചതു മാത്രമാണു ആശ്വസിക്കാവുന്നത്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇപ്പോഴത്തേത്. കര്‍ണാടക, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറം, പുതുച്ചേരി എന്നിവ മാത്രമാണു കോണ്‍ഗ്രസ് ഭരിക്കുന്നത്. ഏറ്റവും വലിയ സംസ്ഥാനമായ കര്‍ണാടകയില്‍ 2018ല്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമുള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഈ സംസ്ഥാനത്തും പാര്‍ട്ടിക്ക് അധികാരം നഷ്ടമാവാനിടയുണ്ടെന്നു സൂചനയുണ്ട്. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിന്നിരുന്ന ഉത്തരാഖണ്ഡില്‍ ഒമ്പത് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു കൂറുമാറിയതിനെത്തുടര്‍ന്നു വന്‍ രാഷ്ട്രീയ കളികള്‍ക്കു വേദിയായിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കോടതിയുടെ ഇടപെടലുണ്ടാവുകയും വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ തിരിച്ചുവരികയുമായിരുന്നു. പുതുച്ചേരി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സഖ്യകക്ഷികളുടെ കൂടി സഹായത്തോടെയാണു കോണ്‍ഗ്രസ് ഭരിക്കുന്നത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. 2018ല്‍ ഹിമാചല്‍പ്രദേശ്, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു നടക്കും. ഈ ആറുസംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ച കോണ്‍ഗ്രസ്സിനു നഷ്ടമായാല്‍ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങും. ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം ഇതേ സമയം തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. യുപിയില്‍ എന്തുവിലകൊടുത്തും അധികാരത്തില്‍ വരാനുള്ള തന്ത്രങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് ആവിഷ്‌കരിച്ചുതുടങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ 2017 മാര്‍ച്ചിലും ഗുജറാത്തില്‍ 2018 ആദ്യവും തിരഞ്ഞെടുപ്പു നടക്കും. അതില്‍ പഞ്ചാബിലാണ് കോണ്‍ഗ്രസ്സിന് പ്രതീക്ഷ. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മൊത്തം ജനസംഖ്യ 8.6 കോടിയാണ്. ഇന്ത്യയുടെ മധ്യഭാഗത്തുനിന്നും ഉത്തരഭാഗത്തുനിന്നും പൂര്‍ണമായും കോണ്‍ഗ്രസ് തുടച്ചുമാറ്റപ്പെട്ടു.
Next Story

RELATED STORIES

Share it