Flash News

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസഹിഷ്ണുത: സാറ ജോസഫ്

ദോഹ: ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാര ശക്തികള്‍ ഉയര്‍ത്തുന്ന അസഹിഷ്്ണുതയുടെ രാഷ്ട്രീയമാണെന്ന് പ്രമുഖ എഴുത്തുകാരിയും ആം ആദ്്മി പാര്‍ട്ടി സംസ്ഥാന നേതാവുമായ സാറ ജോസഫ്. ആം ആദ്്മി പാര്‍ട്ടിയുടെ ഖത്തറിലെ പോഷക സംഘടനയായ വണ്‍ ഇന്ത്യാ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഖത്തറിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അസഹിഷ്്ണുതയെ നേരിടുന്നതിന് യോജിക്കാവുന്നവരുമായൊക്കെ കൈകോര്‍ക്കണം.

അതു കൊണ്ടാണ് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ ബിഹാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതെന്ന് അവര്‍ വിശദീകരിച്ചു. ബിഹാറില്‍ അഴിമതി ആരോപണം നേരിടുന്ന ലാലു പ്രസാദ് യാദവിനെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന കെജ്്‌രിവാള്‍ കെട്ടിപ്പിടിച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു  അവര്‍. ആം ആദ്്മി പാര്‍ട്ടിയില്‍ ആന്തരിക ശുദ്ധീകരണം ആവശ്യമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.

മറ്റു പാര്‍ട്ടികളില്‍ നിന്ന് ആം ആദ്മിയിലേക്കു വരുന്ന പലരും പഴയ ജീര്‍ണതകളില്‍ നിന്ന് പൂര്‍ണമായും മുക്്തരായവര്‍ ആയിരിക്കില്ല. പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍പ്പെട്ട ചിലരെക്കുറിച്ച് പോലും അഴിമതി ആരോപണം നേരിടേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍, തെറ്റ് കാണുമ്പോള്‍ അതു മൂടിവയ്ക്കുന്നതിന് പകരം അപ്പോള്‍ തന്നെ തിരുത്താന്‍ സാധിക്കുന്നു എന്നതാണ് പാര്‍ട്ടിയുടെ കരുത്തെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്്ദാനങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്ക് ഇതിനകം തന്നെ പാലിക്കാന്‍ സാധിച്ചതായി ഡല്‍ഹി എംഎല്‍എയും പാര്‍ട്ടിയുടെ പ്രവാസി കാര്യ ചുമതല ഉള്ളയാളുമായ ആദര്‍ശ് ശാസ്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന് പുറത്ത് ആം ആദ്മിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലും പാര്‍ട്ടിക്ക് ജനപിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐസിസി അശോക ഹാളില്‍ ഇന്നു വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ വണ്‍ ഇന്ത്യ ആസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയില്‍ സാറ ജോസഫും ആദര്‍ശ് ശാസ്ത്രിയും സംബന്ധിക്കും. ഡോ. വിശ്വനാഥ്(വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ്), ദിലീപ് കുട്ടി(ജനറല്‍ സെക്രട്ടറി), ജിബി വര്‍ഗീസ്(ട്രഷറര്‍) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it