രാജി അഭ്യൂഹങ്ങള്‍ക്ക് വിരാമം; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആശ്വാസമായി ഹൈക്കോടതി വിധി

തിരുവനന്തപുരം: രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആശ്വാസമായി ഹൈക്കോടതി വിധി. സോളാര്‍ വിവാദത്തില്‍ ആടിയുലഞ്ഞ സര്‍ക്കാരിന് ആത്മവിശ്വാസം പകരുന്നതായിരുന്നു തൃശൂര്‍ വിജിലന്‍ കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി.

ബാര്‍ കോഴക്കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി തന്നെ സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ വിജിലന്‍സ് കോടതിയുടെ സമാനമായ വിധി വന്നത്. എന്നാല്‍, കെ ബാബുവിനെതിരേയുള്ള വിജിലന്‍സ് കോടതി ഉത്തരവ് വ്യാഴാഴ്ച ഹൈക്കോടതി സ്‌റ്റേ ചെയ്തതു. തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രിയുടെയും ആര്യാടന്റെയും സ്വകാര്യ അന്യായത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്ക് ഹൈക്കോടതി സ്‌റ്റേ കൂടി വന്നതോടെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ആത്മവിശ്വാസം വീണ്ടെടുത്തു. മുഖ്യമന്ത്രി രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായി.
മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാക്കളിലും ഈ ആത്മവിശ്വാസം പ്രകടമായിരുന്നു. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സംശയകരമാണെന്നും ഗൂഢലക്ഷ്യത്തോടെ ഉള്ളതുമാണെന്നാണ് ഏകസ്വരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ രൂക്ഷവിമര്‍ശനം ഹൈക്കോടതിയില്‍നിന്ന് ഉണ്ടായതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുതല്‍ക്കൂട്ടായി.
വ്യാഴാഴ്ച രാത്രി മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ് തുടങ്ങിയവരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വകാര്യ അപ്പീല്‍ നല്‍കാനുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന്, ക്ലിഫ് ഹൗസിലും എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.
ഹൈക്കോടതിയില്‍ നിന്നു പ്രതികൂല വിധി ഉണ്ടായെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടുത്ത പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കേ ഉരുണ്ടുകൂടിയ പ്രതിസന്ധിയെ താല്‍ക്കാലികമായെങ്കിലും തടയാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍, സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ സരിതയുടെ വെളിപ്പെടുത്തലില്‍ വിശദീകരണം നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസ്സിന് തലവേദനയാവും.
Next Story

RELATED STORIES

Share it