രാജിവച്ച എഴുത്തുകാര്‍ക്കെതിരേ ഒരുവിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍

കൊച്ചി: എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും നേരെ സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണത്തിനെതിരേ കേന്ദ്ര സാഹിത്യ അക്കാദമി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച്് അക്കാദമി അംഗത്വം രാജിവയ്ക്കുകയും അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേ പ്രതിഷേധവുമായി ഒരു വിഭാഗം സാഹിത്യ- സാംസ്‌ക്കാരിക- ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പ്രതിഷേധിക്കേണ്ടത് അവിടെ ചെന്നിട്ടാണെന്നും അല്ലാതെ യു.പിയില്‍ പെയ്യുന്ന മഴയ്ക്ക് തൃശൂരിലോ ഇരിങ്ങാലക്കുടയിലോ കുടപിടിച്ചിട്ട് എന്തുകാര്യമെന്നുമാണ് ചോദ്യം.

അക്കിത്തം, പി പരമേശ്വരന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, കാനായി കുഞ്ഞിരാമന്‍, പ്രഫ. തുറവൂര്‍ വിശ്വംഭരന്‍, എസ് രമേശന്‍നായര്‍, പി നാരായണക്കുറുപ്പ്, പ്രഫ. മേലത്ത് ചന്ദ്രശേഖരന്‍, കെ ബി ശ്രീദേവി, ശ്രീകുമാരി രാമചന്ദ്രന്‍, എന്‍ കെ ദേശം, പ്രഫ. സി ജി രാജഗോപാല്‍, പ്രഫ. കെ പി ശശിധരന്‍, കുമുള്ളി ശിവരാമന്‍, സുരേഷ് ഗോപി, പ്രിയദര്‍ശന്‍, മേനക സുരേഷ്, വിജി തമ്പി, മേജര്‍ രവി, ഡോ. എ എം ഉണ്ണികൃഷ്ണന്‍, ഡോ. കെ എന്‍ മധുസൂദനന്‍പിള്ള, ആലപ്പി രംഗനാഥ്, കെ ജി ജയന്‍ (ജയവിജയ) എന്നിവരാണ് സംയുക്ത വാര്‍ത്താക്കുറിപ്പ്  പുറത്തിറക്കിയത്.പ്രതിഷേധം ഏകപക്ഷീയമോ അവസരവാദപരമോ ആവരുത്.  പ്രതിഷേധം കേന്ദ്രസര്‍ക്കാരിനോടാണെങ്കില്‍ അത് കേന്ദ്രസാഹിത്യ അക്കാദമിയോടല്ല വേണ്ടത്. കേന്ദ്രത്തില്‍ പുതിയ ഭരണം വന്നിട്ട് ഒരുവര്‍ഷം കഴിയുന്നതേയുള്ളൂ.

കഴിഞ്ഞ 60 വര്‍ഷത്തിലധികം കാലം ഭരണം നടത്തിയവര്‍ക്കു പരിഹരിക്കാന്‍ കഴിയാത്ത എത്രയോ സാമൂഹിക പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഭാരതസംസ്‌കാരം മുഴുവന്‍ തകര്‍ന്നെന്നു നിലവിളിക്കുന്നവര്‍ക്ക് ഇരട്ടമുഖമാണ്. സ്വന്തം സംസ്ഥാനത്തു നടക്കുന്ന  ക്രൂരമായ മനുഷ്യക്കുരുതികളും സാംസ്‌കാരികാക്രമണങ്ങളും വര്‍ഗീയാസ്വാസ്ഥ്യങ്ങളും എന്തുകൊണ്ടാണ് ഇവര്‍ ശ്രദ്ധിക്കാത്തതും പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കാത്തതുമെന്നും പ്രസ്താവനയില്‍ ചോദിച്ചു. പുരസ്‌കാരങ്ങളെ നിസ്സാരമായി കാണുന്നവര്‍ ആദ്യമേ അതു നിരസിച്ച് തന്റേടം തെളിയിക്കുകയാണു വേണ്ടത്. അല്ലാതെ ഒരു വ്യാഴവട്ടത്തിനു മുമ്പ് അഭിമാനപൂര്‍വം സ്വീകരിച്ച പുരസ്‌കാരം മടക്കുന്നത് സ്വന്തം അച്ഛനമ്മമാരെ വേണ്ടാതാവുമ്പോള്‍ വൃദ്ധസദനത്തിലാക്കുന്നതുപോലെയേ ഉള്ളൂ. പഴയത് ഉപേക്ഷിക്കുന്നവരുടെ ഉള്ളില്‍ ആദര്‍ശമല്ല, സ്വാര്‍ഥതയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it