kozhikode local

രാജാപ്പൂര്‍ കൊപ്രക്ക് വിലയിടിവ്; കര്‍ഷകരും വ്യാപാരികളും പ്രതിസന്ധിയില്‍

വടകര : രാജാപ്പുര്‍ കൊപ്രക്ക് വില കുത്തനെ കുറയുന്നത് കര്‍ഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. രാജാപ്പൂര്‍ കൊപ്രയുടെ ഇന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആയ വടകരയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടക്ക് 1000 രൂപയുടെ കുറവാണ് രാജാപ്പൂര്‍ കൊപ്രക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ക്വിന്റലിന് 8700 രൂപയുണ്ടായിരുന്നത് ഇന്നലെ 7700 രൂപയിലേക്കെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്വിന്റലിന് പതിനഞ്ചായിരത്തിലേറെ വിലയുള്ള സ്ഥാനത്താണ് ക്രമാനുഗമായി ഇപ്പോള്‍ പകുതിയിലേറെയായി കുറഞ്ഞതെന്ന് വ്യാപാരികള്‍ പറഞ്ഞു.
വില കുറയുന്നത് കാരണം ഏതാനും ദിവസങ്ങളായി എത്തുന്ന ചരക്കിലും വന്‍ തോതിലുള്ള കുറവാണ് രേഖപ്പെടുത്തുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് രാജാപ്പൂര്‍ കൊപ്ര കാര്യമായി കയറ്റിയക്കപ്പെടുന്നത്. സ്വാദിഷ്ടമായ ഭക്ഷണം എന്ന നിലക്കാണ് ഇവ കയറ്റി പോവുന്നത്. വടകര താലൂക്കിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവ വടകര മാര്‍ക്കറ്റിലെത്തുന്നത്. നാളീകേരം മാസങ്ങളോളം പുക കൊള്ളിച്ച് ഉണക്കി, ഉരിച്ചെടുത്ത് വെട്ടിയെടുത്തതിന് ശേഷം ഉണ്ട എന്ന പേരില്‍ മാര്‍ക്കറ്റിലെത്തിക്കുന്ന ഉല്‍പന്നം പകുതിയായി മുറിച്ച ശേഷമാണ് രാജാപ്പൂര്‍ കൊപ്രയെന്ന പേരില്‍ കയറ്റിയക്കപ്പെടുന്നത്.അതേസമയം വില കുറയുന്നതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വെളിച്ചണ്ണക്ക് വില കുറയുന്നതാണ് ഇതിലൊന്ന്. വെളിച്ചെണ്ണക്ക് വില കുറഞ്ഞതോടെ കര്‍ഷകര്‍ നാളീകേരം കൊപ്രയാക്കുന്നതിന് പകരം ഉണ്ടയാക്കാനായി മാറ്റിവയ്ക്കുകയും ഇതിന്റെ ഫലമായി ഉണ്ട കൂടുതലായി മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തതാണ് ഒരു കാരണം. വടകരയില്‍ നിന്നു മാത്രം കയറ്റിയയച്ചിരുന്ന രാജാപ്പൂര്‍ ഇപ്പോള്‍ കാസര്‍കോട്, മംഗലാപുരം-ഉടുപ്പി, കര്‍ണ്ണാടകയിലെ ടിറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നും കയറ്റിയയക്കപ്പെടുന്നതും വടകരയിലെ തൊഴിലാളികള്‍ക്ക് പ്രതിസന്ധിയിലൊന്നാണ്.
ടിറ്റൂരില്‍ മണ്ണിനിടയില്‍ മൂടിവച്ച് പ്രത്യേക രീതിയിലുള്ള പ്രക്രിയക്ക് ശേഷം ഉണക്കി വെട്ടിയ ശേഷമാണ് ഇവ കയറ്റിയയക്കപ്പെടുന്നത്. രാജാപ്പൂര്‍ കൊപ്രക്ക് മുമ്പുണ്ടായിരുന്ന മാര്‍ക്കറ്റ് ഭാവിയില്‍ ഉണ്ടാവുമോ എന്ന കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇക്കാരണങ്ങള്‍.
അതേസമയം രാജാപ്പൂര്‍ കൊപ്രയുടെ വിലക്കുറവ് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഗുണ നിലവാരമുള്ള എണ്ണസമ്പുഷ്ടമായ നാളീകേരം വിളയുന്ന പ്രദേശമാണ് വടകര താലൂക്കിലെ കുറ്റിയാടി ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങള്‍. നാളീകേരം ഉണക്കി ഉണ്ടയാക്കി മാറ്റുകയാണ് ഇവിടുത്തെ കര്‍ഷകര്‍ കാലങ്ങളായി ചെയ്തു വരുന്ന രീതി. വിലക്കുറവ് താല്‍ക്കാലിക പ്രതിഭാസമാവണേ എന്ന പ്രാര്‍ഥനയിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it