Kottayam Local

രാജാപ്പടിയില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസിന് പെടാപ്പാട്

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് റോഡിന്റെ പകുതി ഭാഗം പേട്ടതുള്ളുന്നതിനായി വണ്‍വേ ട്രാഫിക്ക് ആംഭിക്കുന്ന എരുമേലി ടൗണ്‍ റോഡിലെ രാജാപ്പടിയില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസ് ബുദ്ധിമുട്ടുന്നു. പേട്ടക്കവല വരെ വാഹനങ്ങള്‍ക്ക് റോഡിന്റെ ഒരു വശത്തുകൂടി മാത്രമുള്ള വണ്‍വേ ട്രാഫിക് ആരംഭിക്കുന്നത് ഇവിടെയാണ്. പേട്ടക്കവലയിലേക്ക് പോവാതെ വാഹനങ്ങള്‍ ഇവിടെ വച്ച് തടഞ്ഞ് ടിബി റോഡു വഴി തിരിച്ചുവിടണം. നാല് ഭാഗത്തു നിന്നാണ് ഇവിടെ വാഹനങ്ങള്‍ എത്തുന്നത്. ഇതിനിടെയാണ് പേട്ടതുള്ളല്‍. ഒപ്പം പേട്ട തുള്ളാനായികവലയിലേക്ക് നടന്നുപോവുന്ന ഭക്തരുടെ തിരക്ക് വേറെയും. ഇതിനെല്ലാമിടയില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന കാല്‍ നടയാത്രക്കാര്‍. വാഹനങ്ങള്‍ വണ്‍വേ തെറ്റിച്ച് പോവാന്‍ അനുവദിക്കാനും പാടില്ല. ചുട്ടുപൊള്ളുന്ന വെയിലിലിലും മഴയിലും രാത്രിയിലെ മഞ്ഞ് വീഴ്ചയിലും രാപകല്‍ ഭേദമന്യേ പോലിസ് ഇവിടെ അധ്വാനിക്കുകയാണ്. തീര്‍ത്ഥാടകരെ റോഡ് മുറിച്ച് കടത്തി വിടാന്‍ ഇരുവശത്തെയും വാഹനങ്ങള്‍ തടഞ്ഞിടണം. എവിടെയെങ്കിലും അല്‍പ്പമൊന്ന് പാളിയാല്‍ പേട്ടക്കവലയിലെ ടൗണ്‍ റോഡ് മൊത്തം കുരുക്കിലാവും. ഈ കുരുക്കഴിക്കാന്‍ പിന്നീട് മണിക്കൂറുകളാണ് വേണ്ടിവരുക. മുന്‍ സിഐ അബ്ദുല്‍ റഹിം നടപ്പിലാക്കിയ വണ്‍വേ ട്രാഫിക് പരിഷ്‌കാരം തുടരുന്നതിനാലാണ് എരുമേലിയില്‍ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ശമനമുണ്ടായിരിക്കുന്നത്. റോഡിലാണെങ്കില്‍ വണ്‍വേയാണന്നറിയിക്കുന്ന ബോര്‍ഡ് വയ്ക്കാന്‍ പോലും സ്ഥലമില്ല. വണ്‍വേയാണെന്നറിയാതെയാണ് ഒട്ടുമിക്ക തീര്‍ത്ഥാടക വാഹനങ്ങളുമെത്തുന്നത്. ടിബി റോഡ് ചുറ്റി പേട്ടക്കവലയിലെത്താതെ എളുപ്പം സഞ്ചരിക്കാനായി നാട്ടുകാരില്‍ ചിലര്‍ വാഹനങ്ങളുമായി പോലിസിനെ വെട്ടിച്ച് കടക്കാനുംശ്രമിക്കുന്നു.
Next Story

RELATED STORIES

Share it